പ്രതിപക്ഷം ബി ജെ പിയെ പിന്തുണയ്ക്കുന്നു, വർധിപ്പിച്ചത് പരിമിതമായ നികുതിയെന്ന് ധനമന്ത്രി

  • 06/02/2023

തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവിനെ ന്യായീകരിച്ച്‌ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പരിമിതമായ നികുതി വര്‍ധന മാത്രമാണിതെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. യുഡിഎഫ് 17 തവണ ഇന്ധന നികുതി കൂട്ടി. പ്രതിപക്ഷം ബിജെപിയെ പിന്തുണയ്ക്കുകയാണെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.


ഇന്ധന സെസിലും നികുതി വര്‍ധനകളിലും പ്രതിഷേധിച്ച്‌ നിയമസഭയില്‍ പ്രതിപക്ഷം സമരം നടത്തുകയാണ്. നാല് എം എല്‍ എ മാര്‍ സഭാ കവാടത്തില്‍ അനിശ്ചിതകാല സത്യഗ്രഹമാരംഭിച്ചു. ഷാഫി പറമ്ബില്‍, സി ആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹമിരിക്കുന്നത്. ബജറ്റ് പൊതുചര്‍ച്ചക്ക് മുന്‍പേയാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്.

നിയമസഭക്ക് പുറത്തും വലിയ തോതില്‍ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച്‌ സംഘടിപ്പിക്കും. 13 ന് യു ഡി എഫ് ജില്ലാ കേന്ദ്രങ്ങളില്‍ രാപ്പകല്‍ സമരം നടത്തും. ശക്തമായ സമരത്തിലൂടെ ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനയും സെസും പിന്‍വലിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.

Related News