അനധികൃത ഫ്‌ളക്‌സ് ബോർഡ്; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

  • 06/02/2023

അനധികൃത ഫ്‌ലക്‌സ് ബോർഡ് വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ക്ഷമ ദൗർബല്യമായി കാണരുതെന്ന് സർക്കാരിന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. അനധികൃത ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദ്ദേശമില്ലേയെന്ന് കോടതി ചോദിച്ചു. കോടതിയെ പരിഹസിക്കുന്നത് പോലെ അനധികൃത ബോർഡുകളും എണ്ണം വർധിക്കുന്നുവെന്നും കോടതി പറഞ്ഞു.

വിഷയത്തിൽ വ്യവസായ സെക്രട്ടറിക്കെതിരെയും കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. സത്യവാങ്മൂലം സമർപ്പിക്കാത്തതിനാണ് വിമർശനം. ഫ്ളക്സുകൾ നീക്കണമെന്ന് ഹൈക്കോടതി നിരന്തരം ആവശ്യപ്പെട്ടിരുന്നു. നഗരസഭാ സെക്രട്ടറിമാരെ വിളിച്ച് ഇക്കാര്യത്തിൽ പരിഹാരം കാണണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. 

എന്നിട്ടും സർക്കാർ മെല്ലെപ്പോക്ക് തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമർശനം വരുന്നത്. അതേസമയം മാറ്റിയ പഴയ ബോർഡുകളുടെ സ്ഥാനത്ത് പുതിയവ എത്തിയെന്ന് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു.

Related News