ഭൂപതിവ് ഭേദഗതി ബില്‍ നിയമസഭയിൽ അവതരിപ്പിക്കും: റവന്യു മന്ത്രി കെ രാജന്‍

  • 07/02/2023

തിരുവനന്തപുരം: ഭൂപതിവ് ഭേദഗതി ബില്‍ ഈ സമ്മേളനത്തില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. സാധാരണക്കാര്‍ക്ക് ഭൂമി കിട്ടാന്‍ ചട്ടം തടസമാണെങ്കില്‍ ചട്ടം ഭേദഗതി ചെയ്യാന്‍ തയാറാണ്. എന്നാല്‍ ഭൂപരിഷ്കരണം അട്ടിമറിക്കുന്ന വിധം ഏക്കറുകള്‍ കൈവശം വെക്കുന്നവരില്‍ നിന്ന് തിരിച്ചു പിടിക്കാനും മടിയില്ല. മറ്റു വകുപ്പുകളുടെ കൈയില്‍ ഇരിക്കുന്ന ഭൂമി റവന്യൂ വകുപ്പിലേക്ക് തിരിച്ചെടുത്ത് പട്ടയം നല്‍കാന്‍ ആവുമോ എന്ന് പരിശോധിക്കുന്നതായും മന്ത്രി സഭയില്‍ പറഞ്ഞു.


കേരളത്തിലെ ജനങ്ങള്‍ക്ക് ആകെ ആശ്വാസകരം ആകുന്ന രീതിയിലാകും ഭൂപതിവ് നിയമം ഭേദഗതി ചെയ്യുകയെന്ന് റവന്യു മന്ത്രി അറിയിച്ചു. ഇടുക്കിയിലെ ജനങ്ങള്‍ക്ക് വേണ്ടി മാത്രമല്ല നിയമം. നിയമഭേദഗതി പ്രതിപക്ഷത്തെ മുഖവിലയ്ക്കടുത്ത് സഭ ഒറ്റക്കെട്ടായി നടപ്പാക്കും. മുന്‍കാലത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്രമവല്‍ക്കരിക്കുന്നത് അടക്കമുള്ള പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്നിലുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലെന്ന് റവന്യൂ മന്ത്രി അറിയിച്ചു.

ഭൂ പതിവ് ചട്ടങ്ങളില്‍ ഈ നിയമസഭ സമ്മേളനത്തില്‍ ഭേദഗതി കൊണ്ട് വരുമെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നു. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. യഥാര്‍ത്ഥ വസ്തുതകള്‍ കണക്കിലെടുത്ത് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ട് വരുമെന്ന് വ്യക്തമാക്കി സംസ്ഥാനം സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. ഭൂപതിവ് നിയമപ്രകാരം സര്‍ക്കാര്‍ പട്ടയം നല്‍കിയ ഭൂമി മറ്റ്‌ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഹൈക്കോടതി വിധി.

Related News