വെളളക്കര വര്‍ധന നിയമസഭയില്‍ ന്യായീകരിച്ച മന്ത്രി റോഷി അഗസ്റ്റ്യനെതിരെ പ്രതിപക്ഷ നേതാവ്

  • 07/02/2023

തിരുവനന്തപുരം: വെളളക്കര വര്‍ധന നിയമസഭയില്‍ ന്യായീകരിച്ച മന്ത്രി റോഷി അഗസ്റ്റ്യനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭയില്‍ വെള്ളക്കര വര്‍ധനയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ക്കിടെയാണ് മുമ്ബ് യുഡിഎഫിനൊപ്പമുണ്ടായിരുന്ന കേരളാ കോണ്‍ഗ്രസിലെ (എം) റോഷി അഗസ്റ്റ്യന്‍ എല്‍ഡിഎഫിലെത്തിയതോടെ ആകെ മാറിപ്പോയെന്ന് സതീശന്‍ അഭിപ്രായപ്പെട്ടത്.


'ഞങ്ങള്‍ക്കറിയാവുന്ന ഒരു റോഷി അഗസ്റ്റിനുണ്ടായിരുന്നു. ഇതുപോലെ മറുപടി പറയുന്നൊരാളായിരുന്നില്ല അങ്ങ്. അപ്പുറം പോയതിന്റെയോ മന്ത്രിയായതിന്റെയോ കുഴപ്പമാണ്'. ഒന്നുകില്‍ എല്‍ഡിഎഫില്‍ പോയതിന്റെയാണ് അതല്ലെങ്കില്‍ മന്ത്രിയായതിന്റെ കുഴപ്പമെന്നായിരുന്നു സതീശന്റെ വാക്കുകള്‍. വെളളക്കരത്തിലൂടെ കടത്തില്‍ നട്ടം തിരിയുന്ന ജനത്തിന്‍റെ കരണത്ത് സര്‍ക്കാര്‍ മാറിമാറി അടിക്കുകയാണെന്നെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

അതേ സമയം, വെള്ളക്കരം കൂട്ടിയതിനെ ന്യായീകരിക്കാന്‍ വിചിത്ര വാദം നിരത്തിയ ജലവിഭവമന്ത്രി വിവാദമായപ്പോള്‍ തിരുത്തി. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബം ഒരു ദിവസം 100 ലിറ്റര്‍ വെള്ളം ഉപയോഗിക്കുമോ എന്നായിരുന്നു ഉപയോഗം കുറക്കണമെന്ന പേരില്‍ റോഷി അഗസ്റ്റിന്‍റെ പ്രതികരണം. ഒരാള്‍ക്ക് 100 ലിറ്റര്‍ വെള്ളം എന്നാണ് ഉദ്ദേശിച്ചതെന്ന് പിന്നീട് മന്ത്രി തിരുത്തിപ്പറഞ്ഞു.

Related News