ചികിത്സയ്ക്കിടയിലുണ്ടാകുന്ന എല്ലാ മരണവും ആരോഗ്യപ്രവര്‍ത്തകരുടെ അശ്രദ്ധമൂലല്ല; ഹൈക്കോടതി

  • 08/02/2023

കൊച്ചി: ചികിത്സയ്ക്കിടയിലുണ്ടാകുന്ന എല്ലാ മരണവും ആരോഗ്യപ്രവര്‍ത്തകരുടെ അശ്രദ്ധമൂലമാണെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. അതിന് മതിയായ തെളിവുണ്ടാകണം. ചികിത്സയിലുണ്ടായ വീഴ്ച കാരണമായിരിക്കണം മരണം. ദൗര്‍ഭാഗ്യകരമായ കാരണങ്ങളാല്‍ കാര്യങ്ങള്‍ തെറ്റായ വഴിക്ക് നീങ്ങിയതിന് ആരോഗ്യപ്രവര്‍ത്തകര്‍ ഉത്തരവാദികളാകില്ലെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അഭിപ്രായപ്പെട്ടു.


സാധാരണമായി സ്വീകരിക്കുന്ന രീതിയില്‍നിന്ന് തെല്ലുമാറിയ ചികിത്സാരീതി സ്വീകരിച്ചതും അശ്രദ്ധയായി കാണാനാകില്ല. ചികിത്സയ്ക്കിടയില്‍ കണക്കുകൂട്ടലിലുണ്ടാകുന്ന പിഴവോ അപകടമോ ചികിത്സപ്പിഴവായി കാണാനാകില്ല. ആരോഗ്യപ്രവര്‍ത്തകരുടെ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് സംശയാതീതമായി തെളിയിക്കാനായെങ്കില്‍ മാത്രമേ കുറ്റക്കാരനായി കാണാനാകൂ എന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അഭിപ്രായപ്പെട്ടു.

വന്ധ്യംകരണത്തിനായി താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ച സംഭവത്തില്‍ വിചാരണക്കോടതി തടവിന് ശിക്ഷിച്ചതിനെതിരേ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Related News