സംസ്ഥാന ബജറ്റിൽ കൂട്ടിയ നികുതിയൊന്നും കുറച്ചില്ല; സഭ വിട്ട് പ്രതിപക്ഷം

  • 08/02/2023

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കൂട്ടിയ നികുതിയൊന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ കുറച്ചില്ല. പ്രതിപക്ഷ വിമർശനത്തിന് ഏറെ നേരം സമയമെടുത്ത് വിശദീകരണം നൽകിയ ശേഷം നികുതി വർധനയുമായി മുന്നോട്ട് പോവുകയാണെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഭരണപക്ഷത്തിന്റെ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങൾ സഭ വിട്ടു. ഇതോടെ ഇന്ധന സെസ് രണ്ട് രൂപ കൂട്ടിയതും ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചതും അടക്കം എല്ലാ നികുതി വർധനവും ഇതോടെ അടുത്ത സാമ്പത്തിക വർഷത്തിൽ പ്രാബല്യത്തിൽ വരും.

ബിജെപി സംസ്ഥാന പ്രസിഡന്റ് പറയുന്നത് ന്യായീകരിക്കാനാണോ പ്രതിപക്ഷം ഇരിക്കുന്നതെന്ന് ധനമന്ത്രി ബജറ്റ് പ്രതികരണങ്ങൾക്കുള്ള മറുപടിയിൽ പറഞ്ഞു. കേരളത്തിന് കിട്ടേണ്ട പണം വെട്ടിക്കുറയ്ക്കുന്നത് കേരളത്തിലെ നിയമസഭയിൽ ഒരു യുഡിഎഫ് അംഗവും ന്യായീകരിക്കുന്നത് ശരിയല്ല. കേരളത്തിന് ഒന്നും കിട്ടേണ്ട എന്ന നിലപാട് അംഗീകരിക്കാനാവില്ല. 

കേരളത്തിന് അർഹമായ വിഹിതം വെട്ടികുറച്ചതിനെ പ്രതിപക്ഷം ന്യായീകരിക്കുന്നു. എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് 5 കോടിയിൽ നിന്ന് 6 കോടി ആക്കണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെടുന്നു. ഉള്ളത് തന്നെ കൊടുക്കാനാവാത്ത സ്ഥിതിയാണ്. ഫണ്ട് കൂട്ടണം എന്ന് പറയുന്ന നിങ്ങൾ ആണ് വരുമാനം കൂട്ടാൻ ഉള്ള സെസ് കുറക്കാൻ ആവശ്യപ്പെടുന്നതെന്നും ധനമന്ത്രി പറഞ്ഞു.

Related News