ട്രെൻസ് ജെൻഡർ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു; ഇന്ത്യയിലെ ആദ്യ ട്രാൻസ് മെൻ പിതാവായി സഹദ്

  • 08/02/2023

കോഴിക്കോട്: ട്രാൻസ് ജെൻഡർ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു. ഇരുവരുടെയും സുഹൃത്തുക്കളാണ് സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. സഹദും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഇരുവരുടെയും സുഹൃത്തായ ആദം ഹാരി ഫേസ്ബുക്കിൽ പറഞ്ഞു. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ട്രെൻസ് ജെൻഡർ ദമ്പതികൾക്ക് കുഞ്ഞ് പറന്നത്. 'കുഞ്ഞ് വാവ വന്നു. സഹദും കുഞ്ഞും ആരോഗ്യത്തോടെയെരിക്കുന്നു. സിയ ആവേശത്തിലാണ്. അവൾ പുറത്ത് കാത്തിരിക്കുന്നുണ്ട്. ഞാൻ ജീവിതത്തിൽ ഇത്രയും സന്തോഷം അനുഭവിച്ച ഒരു നിമിഷമില്ല. കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവരോട് അത് കുഞ്ഞ് വലുതാകുമ്പോൾ പറയും.' ആദം ഹാരി ഫേസ്ബുക്കിൽ കുറിച്ചു.

'ഒടുവിൽ ഞങ്ങളുടെ മാലാഖയെത്തി. ഞങ്ങൾ കാത്തിരുന്നതുപോലെ ഒരു പെൺകുഞ്ഞ്. സഹദും കുഞ്ഞും സുഖമായിരിക്കുന്നു. പ്രാർത്ഥനയോടെ ഒപ്പം നിന്നവർക്കും പിന്തുണച്ചവർക്കും നന്ദി.' സിയ പറയുന്നു. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. മനസ് നിറയെ കൺമണിയുടെ മുഖമാണ്. പഞ്ഞിക്കെട്ട് പോലെ മുഖമുള്ള ഒരു ചക്കരമുത്ത്. ആശുപത്രിയിൽ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. അതിനു പിന്നാലെ ഓടിക്കൊണ്ടിരിക്കുകയാണ്. സിയ വനിതയോട് പറഞ്ഞു.

കുഞ്ഞ് പിറന്നതോടെ ഇന്ത്യയിലെ ആദ്യ ട്രാൻസ് മെൻ പിതാവ് എന്ന വിശേഷണം സഹദിനു ലഭിക്കുകയാണ്. സിയ-സഹദ് ദമ്പതികളുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറലായിരുന്നു. ഇതോടെയാണ് ഇന്ത്യയിൽ ട്രാൻസ് ദമ്പതികൾക്ക് കുഞ്ഞു പിറക്കാൻ പോകുകയാണെന്ന വാർത്ത പുറംലോകം അറിഞ്ഞത്. സമൂഹമാധ്യമങ്ങളിൽ സഹദിന്റെ ഗർഭധാരണം വളരെ ശ്രദ്ധ നേടിയിരുന്നു. തങ്ങൾ മാതാപിതാക്കളാകാൻ പോകുന്നതിന്റെ സന്തോഷം നർത്തകിയും അഭിനേത്രിയുമായ സിയ പവൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം നടത്തിയ പരിശോധനയിൽ സഹദിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയതോടെ ഗർഭം ധരിക്കാമെന്ന തീരുമാനത്തിലേക്ക് ദമ്പതികൾ എത്തിച്ചേരുകയായിരുന്നു.

സഹദിന്റെയും സിയയുടെയും കുഞ്ഞിനെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സുഹൃത്തുക്കൾ. ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ചാണ് ദമ്പതികൾ ആദ്യം ആലോചിച്ചത്. എന്നാൽ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതികത്വത്തെ തുടർന്ന് ഒരു കുഞ്ഞിന് ജന്മം നൽകാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. സമൂഹത്തിൽ നിന്നും ഉണ്ടാകാൻ പോകുന്ന കുത്തുവാക്കുകളെ ഓർത്ത് ഇരുവർക്കും ആദ്യം ആശങ്കയുണ്ടായിരുന്നു. എന്നന്നേക്കും ഉപേക്ഷിച്ച സ്ത്രീത്വത്തിലേക്ക് തിരിച്ചുവരുന്നതും വെല്ലുവിളിയായിരുന്നു. എന്നാൽ കുഞ്ഞ് വേണമെന്ന അടങ്ങാത്ത ആഗ്രഹമാണ് സഹദിനെ ഗർഭം ധരിക്കാൻ പ്രേരിപ്പിച്ചത്.

Related News