വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന നിറങ്ങള്‍ കലര്‍ത്തിയാണ് പഞ്ഞിമിഠായി നിർമാണം; മിന്നൽ പരിശോധന നടത്തി ആരോഗ്യ വകുപ്പ്

  • 08/02/2023

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ അനധികൃത മിഠായി നിര്‍മ്മാണ കേന്ദ്രത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന നിറങ്ങള്‍ കലര്‍ത്തിയാണ് പഞ്ഞിമിഠായി നിര്‍മിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി.


കഴിഞ്ഞ ആറുമാസമായി കരുനാഗപ്പള്ളി പുതിയകാവില്‍ ഈ മിഠായി നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചുവന്നിരുന്നു. ബോംബെ മിഠായി, അല്ലെങ്കില്‍ പഞ്ഞിമിഠായി എന്ന് അറിയപ്പെടുന്ന ഉത്പന്നമാണ് ഇവിടെ നിര്‍മിച്ചിരുന്നത്. 25-ലധികം ഇതര സംസ്ഥാനതൊഴിലാളികളാണ് നിര്‍മാണം നടത്തിയിരുന്നത്. വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു തൊഴിലാളികളുടെ താമസവും. മിഠായി ഉത്പാദിപ്പിക്കുന്ന കേന്ദ്രത്തിന് തൊട്ടു സമീപത്തായി കക്കൂസിന്റെ ടാങ്ക് പൊട്ടി അതില്‍ നിന്നുള്ള മലിനജലംപുറത്തേക്ക് ഒഴുകുന്നുണ്ട്. ഇതിന് സമീപത്ത് വെച്ചായിരുന്നു മിഠായിയുടെ ഉത്പാദനം.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ആണ് പരിശോധന നടത്തിയത്. ഡെപ്യൂട്ടി കമ്മിഷണര്‍ തോമസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം എത്തുമ്ബോള്‍ വളരെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ മിഠായി നിര്‍മ്മാണം നടക്കുകയായിരുന്നു. വില്‍പ്പനയ്ക്കായി തയ്യാറാക്കി വെച്ചിരിക്കുന്ന ആയിരത്തോളം കവര്‍ മിഠായികള്‍ നശിപ്പിച്ചിട്ടുണ്ട്.

സംഭവത്തില്‍ കെട്ടിട ഉടമയ്ക്കെതിരേയും 25 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കെട്ടിട ഉടമസ്ഥന്‍ തന്നെയാണ് മിഠായിയുടെ ഉത്പാദനം നടത്തിയിരുന്നതെന്നാണ് വിവരം. ബീച്ചുകളും നഗരങ്ങളും കേന്ദ്രീകരിച്ചാണ് ഈ മിഠായി വില്‍പ്പന നടത്തിയിരുന്നത്.

Related News