എംബി രാജേഷിനെതിരായ വിമര്‍ശനം: സഭയിൽ ഖേദം പ്രകടിപ്പിച്ച് വി ഡി സതീശൻ

  • 08/02/2023

തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തിനുള്ള മറുപടിയില്‍ മന്ത്രി എംബി രാജേഷിനെതിരായ വിമര്‍ശനത്തില്‍ പുലിവാല് പിടിച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുകളില്‍ നിന്നും താഴെ ഇറങ്ങിയ ആള്‍ ഇപ്പോ അതിലും താഴെ പോയി എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം. ഇതിനെതിരെ പ്രതികരിച്ച്‌ മന്ത്രി എം ബി രാജേഷ് രംഗത്ത് വന്നു. 'മുകളില്‍ ഇരിക്കുന്ന ആള്‍ തറയാണ് എന്നാണോ അര്‍ത്ഥം?' - എന്ന് മന്ത്രി പ്രതിപക്ഷ നേതാവിനോട് ചോദിച്ചു. ഇതോടെ പരാമര്‍ശം പിന്‍വലിച്ച പ്രതിപക്ഷ നേതാവ് തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു.


മന്ത്രി രാജേഷിന്റെ ബജറ്റുമായി ബന്ധപ്പെട്ട തനിക്കെതിരായ വിമര്‍ശനങ്ങളെ കുറിച്ചായിരുന്നു വിഡി സതീശന്റെ പ്രസ്താവന. കേന്ദ്ര ബജറ്റിനെ വിഡി സതീശന്‍ വിമര്‍ശിച്ചില്ലെന്നും തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച്‌ പ്രതിപക്ഷ നേതാവ് പ്രതികരിച്ചില്ലെന്നും മന്ത്രി പറഞ്ഞതിനെതിരായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം. രണ്ട് വിഷയത്തിലും തന്റെ പ്രസ്താവനകള്‍ സംബന്ധിച്ച പത്രവാര്‍ത്തകളും മറ്റും വിഡി സതീശന്‍ ഉയര്‍ത്തിക്കാട്ടി. തുടര്‍ന്നാണ് അദ്ദേഹം മന്ത്രി എംബി രാജേഷ് മുകളില്‍ നിന്ന് താഴെ ഇറങ്ങിയപ്പോള്‍ അതിലും താഴെ പോയി എന്ന പ്രസ്താവന നടത്തിയത്. ഇതില്‍ ഭരണപക്ഷത്ത് നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു.

ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങളെ വിമര്‍ശിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസംഗം. ജിഎസ്‌ടി പിരിച്ചെടുക്കുന്നതില്‍ കേരളം രാജ്യത്ത് ഒന്നാമത് എത്തണമായിരുന്നു. ജിഎസ്‌ടി നഷ്ടപരിഹാരം ലഭിച്ച സമയത്ത് കേരളം നികുതി ഘടന ക്രമീകരിച്ചില്ല. ആ അനാസ്ഥയാണ് നികുതി പിരിവ് രണ്ട് ശതമാനമാകാന്‍ കാരണം. നികുതി പിരിവില്‍ പരാജയപ്പെട്ടു. കള്ള കച്ചവടം നടക്കുന്നു. സ്വര്‍ണ കള്ള കച്ചവടം വ്യാപകമാണ്. വരുമാനം എവിടെപ്പോയി? ബാറുകളുടെ എണ്ണം കൂടി. പക്ഷെ ടേണ്‍ ടാക്സ് ഇടിഞ്ഞു. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിച്ചില്ല. 39,000 കോടിയിലധികം വരുമാന കമ്മി ഗ്രാന്റ് കിട്ടി. കേന്ദ്രം ഇത് നല്‍കി. ജി എസ് ടി നഷ്ട പരിഹാരം കിട്ടിയില്ലെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Related News