കത്ത് വിവാദം: എങ്ങുമെത്താതെ ക്രൈം ബ്രാഞ്ച്-വിജിലന്‍സ് അന്വേഷണങ്ങള്‍

  • 08/02/2023

തിരുവനന്തപുരം : നിയമനത്തിനായുള്ള തിരുവനന്തപുരം മേയറുടെ ശുപാര്‍ശ കത്തിനെ കുറിച്ചുള്ള ക്രൈം ബ്രാഞ്ച്-വിജിലന്‍സ് അന്വേഷണങ്ങള്‍ എങ്ങുമെത്തിയില്ല. കമ്ബ്യൂട്ടറിന്‍െറയും ഫോണുകളുടെയും ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച് നിലപാട്. നിയമനം നടക്കാത്തതിനാല്‍ അഴിമതി അന്വേഷണമില്ലെന്ന് വിജിലന്‍സ് ആവര്‍ത്തിക്കുന്നു. നഗരസഭയിലെ ആരോഗ്യവിഭാഗത്തിലേക്കുളള താല്‍ക്കാലിക നിയമനത്തിനായി മേയര്‍ ആര്യാ രാജേന്ദ്രന്‍റെ പേരില്‍ തയ്യാറാക്കിയ കത്തിന്‍െറ ഉറവിടം കണ്ടെത്താന്‍ പൊലിസിന് ഇതേവരെ കഴിഞ്ഞിട്ടില്ല.


കത്ത് തയ്യാറാക്കിയത് ആരെന്നന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് മേയറുടെ ഓഫീസിലെ കമ്ബ്യൂട്ടറും, സംശത്തിന്‍െറ നിഴലില്‍ നില്‍ക്കുന്ന മുന്‍ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍.ആനില്‍ മെഡിക്കല്‍ കോളജ് ലോക്കല്‍ സെക്രട്ടറി എസ്.എസ്.മനോജ് എന്നിവരുടെ ഫോണുകളും ഫൊറന്‍സിക് പരിശോധനക്കായി അയച്ചിരുന്നു. റിപ്പോര്‍ട്ട് ലഭിക്കാന്‍ ഇനിയും മാസങ്ങളെടുക്കും. ഇതിന് ശേഷമേ അന്വേഷണം മുന്നോട്ടുപോകൂ എന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.

ഫോറന്‍സിക് പരിശോധന ഫലത്തിന്‍െറ പകര്‍പ്പുകള്‍ ലഭിക്കാന്‍ ഹാര്‍ഡ് ഡിസ്ക്കുകള്‍ ക്രൈം ബ്രാഞ്ച് ഫൊറന്‍സിക് ലാബിലേക്ക് വാങ്ങി നല്‍കണം. ഇതിന് പണം അനുവദിക്കാന്‍ അന്വേഷണ സംഘം ഡിജിപിക്ക് കത്തു നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്ബുള്ള ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ടുകള്‍ പോലും പൂര്‍ത്തിയാകാതെ കെട്ടികിടക്കുകയാണ്. പ്രമാദമായ കേസുകളും കോടതി നിര്‍ദ്ദേശ പ്രകാരമുള്ള കേസുകളിലുമാണ് വേഗത്തില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. മേയറുടെ കത്തിന്‍െറ സത്യാവസ്ഥ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അടിയന്തിര റിപ്പോ‍ര്‍ട്ട് എന്തായാലും ആവശ്യപ്പെടാന്‍ ഒരു സാധ്യതയില്ല. അതിനാല്‍ കേസന്വേഷണം അനിശ്ചിതമായി നീളും.

Related News