റവന്യൂ വിഭാഗത്തില്‍ ജീവനക്കാര്‍ കൂട്ട അവധി; ഖേദം പ്രകടിപ്പിച്ച് മന്ത്രി കെ രാജൻ

  • 10/02/2023

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ റവന്യൂ വിഭാഗത്തില്‍ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷിക്കും. മന്ത്രി വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ച് ദിവസം അനുവദിച്ചു. ആകെയുള്ള 63 പേരില്‍ 21 ജീവനക്കാര്‍ മാത്രമാണ് ഇന്ന് ഓഫീസില്‍ എത്തിയത്.


മൂന്ന് ദിവസത്തെ വിനോദയാത്രയ്ക്കാണ് ഉദ്യോഗസ്ഥര്‍ പോയത് എന്നാണ് വിവരം. നാളെ രണ്ടാം ശനിയാഴ്ചയും മറ്റന്നാള്‍ ഞായറാഴ്ചയും ആയതിനാല്‍ മൂന്ന് ദിവസത്തെ വിനോദയാത്രയ്ക്ക് പോവുകയായിരുന്നു എന്ന് ഓഫീസിലുള്ള ഉദ്യോഗസ്ഥര്‍ വിവരം നല്‍കി. പല ആവശ്യങ്ങള്‍ക്കായെത്തിയ നിരവധി സാധാരണ ജനങ്ങളാണ് ഇന്ന് ഓഫീസിന് മുന്നില്‍ കാഴ്ചക്കാരായി നിന്നു. ഇന്ന് ഓഫീസില്‍ ഹാജരാകാതിരുന്ന 20 പേര്‍ അവധി അപേക്ഷ പോലും നല്‍കിയിരുന്നില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോന്നി എംഎല്‍എ കെ യു ജനീഷ്‌ കുമാര്‍ തഹസില്‍ദാരെ ഫോണ്‍ വിളിച്ചു ക്ഷുഭിതനായി.

ഗുരുതര കൃത്യവിലോപമാണ് നടന്നതെന്ന് റവന്യൂ മന്ത്രി പിന്നീട് പ്രതികരിച്ചു. വിവരമറിഞ്ഞതിന് പിന്നാലെ ലാന്റ് റവന്യു കമ്മീഷ്ണറുമായി ബന്ധപ്പെട്ടു. എഡിഎം ഇന്ന് പ്രാഥമിക റിപോര്‍ട്ട് നല്‍കും. ജില്ലാ കളക്ടര്‍ക്ക് അന്വേഷണ ചുമതല നല്‍കി. 5 ദിവസം റിപ്പോര്‍ട്ട് നല്‍കാന്‍ സമയം അനുവദിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കര്‍ശന നടപടിയെടുക്കും. കൂട്ട അവധി പ്രോത്സാഹിപ്പിക്കാനാവില്ല. റവന്യൂ സെക്രട്ടേറിയേറ്റില്‍ ചര്‍ച്ച ചെയ്യും. ജനത്തിനുണ്ടായ ബുദ്ധിമുട്ടില്‍ മന്ത്രി ഖേദം പ്രകടിപ്പിച്ചു.

Related News