കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വങ്ങള്‍ക്കിടയിലെ ശീതസമരം ശക്തം

  • 10/02/2023

കോട്ടയം: ജില്ലയില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വങ്ങള്‍ക്കിടയിലെ ശീതസമരം ശക്തമാകുന്നു. യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ചിനായി സംഘടിപ്പിച്ച പ്രവര്‍ത്തകരെ ഡിസിസി പ്രസിഡന്‍റ് ഇടപെട്ട് പിന്തിരിപ്പിച്ചു എന്നതാണ് ഇരു സംഘടനാ നേതൃത്വങ്ങള്‍ക്കുമിടയിലെ പുതിയ തര്‍ക്കം. നികുതി വര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ കലക്ടറേറ്റ് മാര്‍ച്ച്‌, പൊലീസുമായി ഏറെ നേരം നീണ്ടു നിന്ന സംഘര്‍ഷത്തിലാണ് അവസാനിച്ചത്.


കോട്ടയം നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടക്കുമ്ബോള്‍ വൈക്കം തലയാഴത്ത് ആത്മഹത്യ ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറുടെ വീട് സന്ദര്‍ശിക്കുകയായിരുന്നു ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്. വൈക്കത്തേക്ക് പോകും വഴി കടുത്തുരുത്തിയില്‍ നിന്ന് കലക്ടറേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ തയാറെടുത്ത പ്രവര്‍ത്തകരെ ഡിസിസി പ്രസിഡന്‍റ് ഒപ്പം കൂട്ടിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി. കിടങ്ങൂരില്‍ നിന്നുളള പ്രവര്‍ത്തകരെയും ഡിസിസി പ്രസിഡന്‍റ് പിന്തിരിപ്പിച്ചെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

യുഡിഎഫ് സമരത്തിനായി കോട്ടയത്തെത്തുന്ന പ്രതിപക്ഷ നേതാവിനോടും കെപിസിസി പ്രസിഡന്‍റിനോടും നേരിട്ട് പരാതി അറിയിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. എന്നാല്‍ ആരോപണം തെറ്റാണെന്ന് ഡിസിസി പ്രസിഡന്‍റ് വിശദീകരിക്കുന്നു. ഇരു സംഘടനകള്‍ക്കുമിടയില്‍ ഒരു പ്രശ്നവും ഇല്ലെന്നും നാട്ടകം സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശശി തരൂരിന്‍റെ കോട്ടയം സന്ദര്‍ശനം മുതല്‍ തുടങ്ങിയതാണ് ജില്ലയിലെ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നത.


Related News