അധിക നികുതി കൊടുക്കരുത്; പ്രഖ്യാപനം പിന്‍വലിച്ച്‌ കെ സുധാകരന്‍

  • 11/02/2023

തിരുവനന്തപുരം: അധിക നികുതി കൊടുക്കരുത് എന്ന പ്രഖ്യാപനം പിന്‍വലിച്ച്‌ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായിയുടെ മുന്‍ പ്രഖ്യാപനത്തെ പരിഹസിച്ചതാണെന്നും സുധാകരന്‍ വിശദീകരിച്ചു. നികുതി നല്‍കരുതെന്ന തരത്തിലുള്ള പ്രഖ്യാപനത്തിന് മുന്‍പ് ചര്‍ച്ചകള്‍ നടത്തണം. സമര ആഹ്വാനം അല്ല നടത്തിയത്. പ്രതിപക്ഷ നേതാവിനോട് ആശയ വിനിമയം നടത്തിയിരുന്നില്ല. സര്‍ക്കാര്‍ തിരുത്തി ഇല്ലെങ്കില്‍ ബഹിഷ്‌ക്കരണത്തില്‍ ആലോചിച്ചു തീരുമാനിക്കേണ്ടി വരുമെന്നും സുധാകരന്‍ പറഞ്ഞു.


ബജറ്റിന് പിന്നാലെ നികുതി നല്‍കരുതെന്ന് പ്രഖ്യാപിച്ച്‌ സുധാകരന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത്തരമൊരു പ്രഖ്യാപനം അറിഞ്ഞിട്ടില്ലെന്നും പിണറായി വിജയന്‍ പണ്ട് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടുണ്ടായിരുന്നുവെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഇന്ന് സുധാകരന്‍ പ്രഖ്യാപനം പിന്‍വലിച്ചത്.

അധിക നികുതി പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കില്ലെന്ന് യുഡിഎഫ് സര്‍ക്കാരിന്‍്റെ കാലത്ത് പിണറായി പറഞ്ഞിരുന്നു. അധിക നികുതി അടയ്ക്കരുതെന്ന് കോണ്‍ഗ്രസ് ജനങ്ങളോട് ആവശ്യപ്പെടുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം സുധാകരന്‍ പറഞ്ഞത്. നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും സുധാകരന്‍ പറഞ്ഞു. നികുതി വര്‍ധന പിടിവാശിയോടെയാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. മുഖ്യമന്ത്രിയുടെ പിടിവാശിക്ക് മുന്‍പില്‍ സംസ്ഥാനത്തെ തളച്ചിട്ടു. ഒരു രൂപ പോലും കുറയ്ക്കാത്ത ഉളുപ്പില്ലായ്മയാണ് മുഖ്യമന്ത്രി കാട്ടിയതെന്നും സുധാകരന്‍ ആഞ്ഞടിച്ചിരുന്നു.

Related News