സര്‍ക്കാരിനെതിരെ നികുതി ബഹിഷ്കരണ സമരം വേണ്ട: തീരുമാനം എടുത്ത് കെപിസിസി

  • 12/02/2023

കൊച്ചി: സര്‍ക്കാരിനെതിരെ നികുതി ബഹിഷ്കരണ സമരം വേണ്ടെന്ന് കെപിസിസി തീരുമാനം. പാര്‍ട്ടിക്കുള്ളില്‍ ആശയ കുഴപ്പം ഉണ്ടെന്ന രീതിയില്‍ കൂടുതല്‍ ചര്‍ച്ച ഇനി പാടില്ലെന്നും കൊച്ചിയില്‍ ചേര്‍ന്ന കെപിസിസി എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. കെപിസിസിയുടെ ഭവനസമ്ബര്‍ക്ക പരിപാടിയായ ഹാഥ് സേ ഹാഥ് പരിപാടി സര്‍ക്കാര്‍ വിരുദ്ധ പ്രചാരണമാക്കി മാറ്റാനും യോഗത്തില്‍ തീരുമാനമായി. വിശദമായ ചര്‍ച്ച അടുത്ത 15 ന് ചേരുന്ന യോഗത്തില്‍ നടത്താനും കൊച്ചിയില്‍ ചേര്‍ന്ന കെപിസിസിയുടെ നിര്‍വാഹക സമിതി തീരുമാനിച്ചു.


ബജറ്റിനെതിരെയുള്ള ‌പ്രതികരണങ്ങളില്‍ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്ന വിമര്‍ശനം യോഗത്തില്‍ ഉയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം. ചര്‍ച്ചകൂടാതെ നികുതി ബഹിഷ്കരണ സമര പ്രഖ്യാപനം നടത്തിയതില്‍ പ്രതിപക്ഷ നേതാവ് അടക്കം പരാതി ഉന്നയിച്ചതിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഇന്നലെ തിരുത്തിയിരുന്നു. നികുതി കൊടുക്കരുതെന്ന പിണറായി വിജയന്‍റെ പഴയ പ്രസ്താവനയെ പരിഹസിച്ചതാണെന്നും പ്രഖ്യാപനമല്ല നടത്തിയതെന്നുമായിരുന്നു കെ സുധാകരന്‍റെ വിശദീകരണം.

അധികനികുതി അടക്കേണ്ടെന്ന കെപിസിസി അധ്യക്ഷന്‍റെ ആഹ്വാനം പാര്‍ട്ടിയിലും മുന്നണിയിലും വലിയ അമ്ബരപ്പും ആശയക്കുഴപ്പവുമാണ് ഉണ്ടാക്കിയത്. സുധാകരന്‍ ദില്ലിയില്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആഹ്വാനം അറിയില്ലെന്ന് തള്ളിപ്പറഞ്ഞത് ഭിന്നതമൂലമാണെന്നും വിമര്‍ശനം ഉയര്‍ന്നു. നികുതി കൊടുക്കാതിരിക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങളും ആലോചനയില്ലാതെ തീരുമാനം പ്രഖ്യാപിച്ചതുണ്ടാക്കിയ പ്രതിസന്ധിയും പ്രതിപക്ഷ നേതാവ് കെപിസിസി അധ്യക്ഷനെ അറിയിച്ചിരുന്നു. പല പാര്‍ട്ടിനേതാക്കളും പ്രശ്നം ഉന്നയിച്ചതോടെയാണ് സുധാകരന്‍ സമര പ്രഖ്യാപനം പിന്‍വലിച്ചത്. അതേസമയം, സര്‍ക്കാര്‍ പിന്നോട്ട് പോയില്ലെങ്കില്‍ ബഹിഷ്ക്കരണസമരം നടത്തേണ്ടിവരുമെന്നും കെ സുധാകരന്‍ പറഞ്ഞു.

Related News