ജനങ്ങളെ മനസിലാക്കുന്നത് ഇടത്പക്ഷം മാത്രം, ബിജെപിക്കും കോൺഗ്രസിനും ഒരേ സ്വരം: പിണറായി വിജയൻ

  • 13/02/2023

രാജ്യത്ത് ഇടതുപക്ഷം മാത്രമാണ് ജനങ്ങളുടെ പ്രശ്നം മനസ്സിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം ഭരിക്കുന്നവര്‍ സാധാരണക്കാരന്റെ നോവ് അറിയുന്നില്ല. അതുകൊണ്ടാണ് പട്ടിണി രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നില്‍ നില്‍ക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. സിപിഎം പാലക്കാട്‌ ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കോണ്‍ഗ്രസ് തുടങ്ങിവച്ച ജനദ്രോഹ നയങ്ങളുടെ തുടര്‍ച്ച, ബിജെപി സര്‍ക്കാരും കേന്ദ്രത്തില്‍ തുടരുന്നു. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ ജീവിതം ദുസ്സഹമാക്കുന്നു. ജീവല്‍ പ്രശ്നങ്ങള്‍ കേന്ദ്രം കാണുന്നില്ല. ഇവിടെ അതിസമ്ബന്നര്‍ക്ക് മാത്രമാണ് ജീവിക്കാന്‍ എളുപ്പം. ജനത്തെ വര്‍ഗീയ വിദ്വേഷ വലയത്തില്‍ ആക്കുന്നു. അടിസ്ഥാന പ്രശ്നങ്ങളെ മറയ്ക്കാനുള്ള സംഘപരിവാര്‍ സൂത്രമാണത്.

വേണമെങ്കില്‍ ബിജെപിയിലേക്ക് പോകും എന്നു പറഞ്ഞ വ്യക്തിയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ നയിക്കുന്നത്. അത് നല്‍കുന്ന സന്ദേശം എന്താണ് എന്ന് കോണ്‍ഗ്രസ് ആലോചിച്ചിട്ടുണ്ടോ? സംസ്ഥാനത്ത് ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സ്വരം. പ്രക്ഷോഭങ്ങള്‍ക്ക് ഒരേ സ്വഭാവം.

പരസ്പരം ആലോചിച്ച്‌ ചെയ്യുന്നതാണതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പ്രാദേശിക നീക്കുപോക്ക് വേണം. വിട്ടു വീഴ്ചകള്‍ വേണം. അപ്പോള്‍ പണ്ട് വലിയ പാര്‍ട്ടി ആയിരുന്നു എന്നു പറഞ്ഞു അനാവശ്യ വാശി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പാലക്കാട്ട് പറഞ്ഞു.

Related News