മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിലെ പൊലീസ് നടപടി; വിമർശനവുമായി യുഡിഎഫ് നേതാക്കൾ

  • 13/02/2023

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരിലെടുക്കുന്ന പോലീസ് നടപടികളെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രതിപക്ഷ പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും. ആരെ ഭയന്നാണ് മുഖ്യമന്ത്രി 40 വണ്ടികളുടെ അകമ്ബടിയില്‍ യാത്ര ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ജനത്തെ ബന്ദിയാക്കുന്ന ശല്യക്കാരനാണ് മുഖ്യമന്ത്രിയെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പ്രതികരിച്ചത്.


നികുതിക്കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സമരത്തിലാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും റോഡിലൂടെ യാത്ര ചെയ്യുമ്ബോള്‍ സ്വാഭാവികമായും പ്രതിഷേധിക്കും. വി.ഡി സതീശന്‍ പറഞ്ഞു. കരുതല്‍ തടങ്കല്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എറണാകുളത്ത് പ്രതിഷേധത്തിനിടെ ഒരു പെണ്‍കുട്ടിയെ പോലീസ് ഉദ്യോഗസ്ഥന്‍ വലിച്ചിഴച്ച നടപടിയേയും അദ്ദേഹം ചോദ്യം ചെയ്തു. ഭയം കൊണ്ട് ഭരിക്കുന്ന ഏകാധിപതിയായി മുഖ്യമന്ത്രി മാറിയെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.

അതേസമയം കരിങ്കൊടി പ്രതിഷേധത്തെ പോലും സഹിഷ്ണുതയോടെ നേരിടാനാകാത്ത ഭീരുവാണ് മുഖ്യമന്ത്രിയെന്ന് കെ. സുധാകരന്‍ പരിഹസിച്ചു. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്ര്യം മുഖ്യമന്ത്രി കശാപ്പ് ചെയ്യുന്നു. മുഖ്യമന്ത്രിയുടെ പൊതു പരിപാടിയുണ്ടെങ്കില്‍ പ്രദേശത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സമ്മേളനം നടത്താനോ കറുപ്പ് വസ്ത്രമിടാനോ സാധിക്കാത്ത സാഹചര്യമാണ് നിലവില്‍. അടിയന്തരാവസ്ഥ കാലത്ത് പോലും കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നിലവിലെ പോലീസ് നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News