ആറ്റുകാൽ പൊങ്കാല: പൂർണ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ കർശന നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

  • 15/02/2023

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൂർണ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ കർശന നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. നിലവിലുള്ളതും താത്കാലികമായി തുടങ്ങുന്നതുമായ ഭക്ഷണശാലകൾ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ പ്രവർത്തിക്കാൻ പാടുള്ളുവെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷർ നിർദേശിച്ചു. ഭക്ഷ്യസുരക്ഷ ലൈസൻസ് / രജിസ്‌ട്രേഷൻ എല്ലാ ഭക്ഷണസ്ഥാപനങ്ങളും പ്രദർശിപ്പിക്കണം. ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് സ്ഥാപനങ്ങളിൽ സൂക്ഷിക്കണമെന്നും ആയത് പരിശോധനവേളയിൽ ഹാജരാക്കണമെന്നും നിർദേശമുണ്ട്.

ഭക്ഷ്യസംരംഭകർക്കും പാചകത്തൊഴിലാളികൾക്കുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഫെബ്രുവരി 24ന് നടത്തുന്ന പരിശീലനപരിപാടിയിൽ ഭക്ഷ്യസംരംഭകർ നിർബന്ധമായും പങ്കെടുക്കണമെന്നാണ് നിർദേശം. ഇതിനായി സംരംഭകന്റെ പേര്, ഫോൺനമ്പർ, ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നമ്പർ, ആധാർ നമ്പർ എന്നിവ fsonemomcircle@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ നൽകി രജിസ്റ്റർ ചെയ്യണം. ഉത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതളപാനീയവിതരണം, ദാഹജലവിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ, അക്ഷയകേന്ദ്രങ്ങൾ വഴി മുൻകൂട്ടി എടുക്കണം. നിശ്ചിത ഫീസ് ഇതിനായി ഈടാക്കും.

ഹോട്ടൽ / റസ്റ്ററന്റ് ഉടമകൾ ഭക്ഷണം തയാറാക്കുന്നതിനായി അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നവരുടെ രജിസ്റ്റർ സൂക്ഷിക്കേണ്ടതും അസംസ്‌കൃത വസ്തുക്കൾ വിതരണം ചെയ്യുന്ന ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർക്ക് ഭക്ഷ്യസുരക്ഷ ലൈസൻസ് / രജിസ്ട്രേഷൻ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ഭക്ഷണം തയാറാക്കുന്ന സ്ഥലവും പരിസരവും വൃത്തിയുള്ളതായിരിക്കണം. തൊഴിലാളികൾ വ്യക്തിശുചിത്വം പാലിക്കണം. അടുക്കളഭാഗത്തുള്ള ഓടകളിലോ തറയിലോ വെള്ളം കെട്ടി നിൽക്കരുത്. ഖരമാലിന്യങ്ങൽ അടപ്പോടുകൂടിയ പാത്രങ്ങളിൽ സൂക്ഷിക്കണം.

Related News