കുത്തിവരച്ചത് പോലെ ഡോക്ടറുടെ കുറിപ്പടി, അന്തംവിട്ട് മെഡിക്കൽ സ്റ്റോറുകാർ; പരാതി

  • 16/02/2023

തിരുവനന്തപുരം: ഡോക്ടറുടെ ഈ കുറിപ്പടി എങ്ങനെ വായിച്ച്‌ മരുന്ന് നല്‍കണം എന്ന ആലോചനയിലാണ് മെഡിക്കല്‍ സ്റ്റോറുകളിലെ ജീവനക്കാര്‍. ആദ്യം കുറിപ്പടിയില്‍ ഡോക്ടര്‍ കുത്തി വരച്ചു എന്നാണ് രോഗിയും ബന്ധുക്കളും കരുതിയത്. പിന്നീട് ആണ് ഇത് മരുന്ന് എഴുതിയത് ആണെന്ന് മനസ്സിലായത്. എന്നാല്‍ ഇതുമായി മെഡിക്കല്‍ സ്റ്റോറില്‍ എത്തിയപ്പോള്‍ ഏത് മരുന്ന് ആണ് രോഗിക്ക് നല്‍കേണ്ടത് എന്ന സംശയത്തിലായി ജീവനക്കാര്‍. തിരികെ ആശുപത്രിയില്‍ എത്തി വിവരം പറഞ്ഞ രോഗിയെയും ബന്ധുക്കളെയും ഡോക്ടര്‍ ഭീഷണിപ്പെടുത്തിയതായും ആക്ഷേപം.


മനസ്സിലാകുന്ന തരത്തില്‍ മരുന്നിന്‍്റെ കുറിപ്പടികള്‍ എഴുതണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ പക്ഷേ മംഗലാപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ക്ക് ബാധകമല്ല എന്ന അവസ്ഥയാണ്. ഡോക്ടര്‍ എഴുതി നല്‍കിയ കുറിപ്പടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ജനുവരി 21 ന് ആശുപത്രിയില്‍ ചികിത്സ നേടിയ മംഗലപുരം കാരമൂട് സ്വദേശി 68 വയസ്സുകാരന്‍ അബ്ദുല്‍ മജീദിന് നല്‍കിയ മരുന്നിന്റെ കുറിപ്പടിയാണ് ഇപ്പോള്‍ തരംഗമാകുന്നത്.

ഇതുമായി ഇവര്‍ മെഡിക്കല്‍ സ്റ്റോറില്‍ പോയെങ്കിലും എന്ത് മരുന്നാണ് എഴുതിയിരിക്കുന്നത് എന്ന് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ല. വിവരം തിരികെ ആശുപത്രിയില്‍ എത്തി ഡോക്ടറോട് അറിയിച്ചെങ്കിലും ക്ഷുഭിതനായ ഡോക്ടര്‍ രോഗിയെയും ഒപ്പമുണ്ടായിരുന്നവരെയും വഴക്ക് പറഞ്ഞതായി പറയുന്നു. ആശുപത്രിയില്‍ നിന്ന് തന്നെ മരുന്നുകള്‍ നല്‍കിയെന്നും പിന്നെ മെഡിക്കല്‍ സ്റ്റോറില്‍ പോയതെന്തിനെന്നുമാണ് ഡോക്ടര്‍ ഇവരോട് ചോദിച്ചത്.

ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ആണ് കുറിപ്പടി എഴുതി നല്‍കിയത് എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസമാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കുറിപ്പടി ആരോഗ്യവകുപ്പ് മന്ത്രിക്ക് രോഗിയുടെ ബന്ധുക്കള്‍ പരാതിയായി അയച്ചു നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞു. സോഷ്യല്‍ മീഡിയകളില്‍ വ്യത്യസ്തമായ കമന്റുകളാണ് ഇതുമായി ബന്ധപ്പെട്ട് വരുന്നത്. ഏതെങ്കിലും കുട്ടികള്‍ വരച്ചു കളിച്ചതാണോ എന്നും എന്തുകൊണ്ടാണ് കമ്ബ്യൂട്ടര്‍ പ്രിസ്ക്രിപ്ഷന്‍ കൊടുക്കാത്തത് എന്നും ഉള്‍പ്പെടെയുള്ള കമന്‍റുകള്‍ കാണാന്‍ കഴിയും.

Related News