അനധികൃത കരുതൽ തടങ്കലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വി ഡി സതീശൻ

  • 18/02/2023

കണ്ണൂർ: അനധികൃത കരുതൽ തടങ്കലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിക്ക് ഇപ്പോൾ പുതിയ രീതിയാണെന്നും വിജനമായ വഴിയിലൂടെയാണ് മുഖ്യമന്ത്രിക്ക് പോകേണ്ടതെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം  ബംഗാളിലെ സിപിഐഎമ്മിനുണ്ടായ അതേ അനുഭവം കേരളത്തിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.

അതേസമയം ഷുഹൈബ് കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നതിന് തെളിവാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലെന്ന് വിഡി സതീശൻ പറഞ്ഞു. പാർട്ടിയെയും പാർട്ടി നേതാക്കളെയും വിരട്ടുകയാണ് ആകാശ് തില്ലങ്കേരി. മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ക്രിമിനലുകളുടെ കൂടാരമായി സിപിഐഎം മാറിയെന്നും രണ്ട് കോടിയിലധികം രൂപയാണ് ഈ ക്രിമിനലുകൾക്ക് വേണ്ടി സർക്കാർ ചെലവഴിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. 

 ക്രിമിനലുകൾക്ക് സമൂഹമാധ്യമങ്ങളിലിടം കൊടുത്തത് സിപിഐഎമ്മാണ്. ക്രിമിനൽ എന്ന് പറയുമ്പോഴും എന്തുകൊണ്ടാണ് സിബിഐ അന്വേഷണത്തെ സിപിഐഎം പേടിക്കുന്നത്. ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി.

Related News