ഭാരവാഹികളെ നിശ്ചയിക്കാൻ കഴിയാതെ കെപിസിസി; പുനസംഘടന ഇനിയും നീളും

  • 18/02/2023

തിരുവനന്തപുരം: പുതിയ ഡിസിസി പ്രസിഡൻറുമാരെ പ്രഖ്യാപിച്ച് ഒന്നരവർഷം കഴിഞ്ഞിട്ടും ഭാരവാഹികളെ നിശ്ചയിക്കാൻ കഴിയാതെ കെപിസിസി. നാലാമതും നീട്ടിനൽകിയ അവസാന തീയതി ഇന്നലെ അവസാനിച്ചിട്ടും സംസ്ഥാനത്ത് ഒരു ജില്ലയും പട്ടിക സമർപ്പിച്ചിട്ടില്ല. പ്ലീനറി സമ്മേളനമെന്ന ഒഴിവുപറഞ്ഞ് പുനസംഘടന ഇനിയും നീളും. വി.എം സുധീരൻ കെപിസിസി അധ്യക്ഷനായ കാലത്താണ് ജില്ലാകോൺഗ്രസ് കമ്മിറ്റി ജംബോ കമ്മിറ്റിയായി മാറിയത്. മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡൻറായപ്പോഴും ഇതേ അവസ്ഥ ആവർത്തിച്ചു. 

നൂറിലധികം ഭാരവാഹികളുള്ള ജില്ലാ കമ്മിറ്റികളെയൊക്കെയാണ് പുതിയ മാനദണ്ഡം അനുസരിച്ച് 35 ആയി ചുരുക്കേണ്ടത്. ഗ്രൂപ്പ് പ്രതിനിധികളായി കയറിക്കൂടിയവരെ ഒഴിവാക്കാൻ പറ്റാതെ വന്നതോടെ പട്ടികയും കൊണ്ട് ഇരിപ്പാണ് നേതാക്കൾ. ഒന്നരവർഷമായിട്ടും ഒരടി മുന്നോട്ടുപോയിട്ടില്ല. ജില്ലാതലത്തിൽ പ്രത്യേകസമിതികൾ രൂപീകരിച്ചെങ്കിലും സംസ്ഥാനത്തെ ഒരുജില്ലയിലും ഭാരവാഹികളുടെ പ്രാഥമിക പട്ടികപോലും തയ്യാറായിട്ടില്ല. ഈമാസം മാത്രം ഇത് രണ്ടാംതവണയാണ് തീയതി നീട്ടേണ്ടിവരുന്നത്. 

തെരഞ്ഞെടുപ്പ് രീതി സംബന്ധിച്ച് കെപിസിസി ഇറക്കുന്ന സർക്കുലറുകൾ അടിക്കടി മാറുന്നതും തടസമാണ്. ഡിസിസി ഭാരവാഹികളെ തീരുമാനിച്ചു കഴിഞ്ഞാൽ എക്‌സിക്യൂട്ടീവിനെയും ഡിസിസി അംഗങ്ങളെയും ബ്ലോക്ക് ഭാരവാഹികളെയുമാണ് നോമിനേറ്റ് ചെയ്യേണ്ടത്. ജില്ലാതല സമിതികൾക്കായിരുന്നു അധികാരം. പരാതികളേറിയതോടെ ഇക്കാര്യത്തിലും അന്തിമതീരുമാനം കെപിസിസി തന്നെ ഏറ്റെടുത്തു. കെപിസിസി ഭാരവാഹികളുടെ പ്രവർത്തനം മോശമാണെന്ന ഹൈക്കമാൻഡ് വിലയിരുത്തൽ നിലനിൽക്കെയാണ് ഡിസിസിയും പുനസംഘടിപ്പിക്കാൻ കഴിയാതെ നീണ്ടു പോകുന്നത്. അണികളാണെങ്കിൽ ഇക്കാര്യത്തിൽ കടുത്ത അതൃപ്തിയിലുമാണ്.

Related News