കോഴിക്കോട് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; 7 കെഎസ്‌യു പ്രവർത്തകർ കസ്റ്റഡിയിൽ

  • 19/02/2023

കോഴിക്കോട്: കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് ഏഴ് കെഎസ്‌യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  യുവമോർച്ച പ്രവർത്തകരായ വൈഷ്ണവേഷ്, സബിൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ ആഹ്വാനങ്ങൾക്കിടെ കനത്ത സുരക്ഷയ്ക്ക് നടുവിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട്ട് ഒരു ദിവസത്തെ പരിപാടികൾക്കായെത്തിയത്. കോഴിക്കോട്ടെ ഇന്നത്തെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുപ്പിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. മീഞ്ചന്ത ഗവൺമെൻറ് ആർട്‌സ് കോളജിൽ രണ്ട് വിദ്യാർത്ഥികളുടെ കറുത്ത മാസ്‌ക് പൊലീസ് അഴിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിനെത്തിയ രണ്ട് കെഎസ്‌യു നേതാക്കളെ വെസ്റ്റ് ഹില്ലിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 

പിണറായിയിലെ വീട്ടിൽ നിന്ന് പുറപ്പെട്ട മുഖ്യമന്ത്രിയെ കോഴിക്കോട് ഗസ്റ്റ് ഹൗസിന് സമീപം തടയാനായി കാത്ത് നിൽക്കുകയായിരുന്ന രണ്ട് കെഎസ്‌യു നേതാക്കളെ വെസ്റ്റ് ഹിൽ ചുങ്കത്ത് വച്ചാണ് ടൗൺ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് കരിങ്കൊടിയും കൈഎസ്‌യു കൊടിയും പൊലീസ് പിടിച്ചെടുത്തു. കരുതൽ തടങ്കലിലെടുത്ത കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് വിടി സൂരജ്, ബ്‌ളോക്ക് പ്രസിഡണ്ട് രാഗിൻ എന്നിവരെ വൈകീട്ടോടെ വിട്ടയക്കുമെന്ന് പൊല് അറിയിച്ചു.

Related News