മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേട്: പരിശോധന ഇന്നും തുടരും

  • 22/02/2023

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേടില്‍ പരിശോധന വ്യാപകമാക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദശം. ഇന്നലെ കളക്ടറേറ്റുകളില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട് സമ‍ര്‍പ്പിച്ചിട്ടുള്ള ഓരോ രേഖകളും പരിശോധിക്കാനാണ് നിര്‍ദ്ദേശം. ഓരോ വ്യക്തിയും നല്‍കിയിട്ടുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഫോണ്‍ നമ്ബര്‍, ബാങ്ക് അക്കൗണ്ട് എന്നിവ ഉള്‍പ്പെടെ വിശദമായി പരിശോധിക്കേണ്ടിവരും.


പണം കൈപ്പറ്റിയവര്‍ അര്‍ഹരായവരാണോയെന്ന് വിശദമായി പരിശോധിച്ചാല്‍ മാത്രമേ ഉദ്യോഗസ്ഥരുടെ ക്രമക്കേട് വ്യക്തമാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രാഹാം പറഞ്ഞു. ഓരോ ജില്ലായിലും എസ്.പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമായി കളക്ടേറേറ്റിലെ രേഖകള്‍ പരിശോധിക്കും. ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും ഒത്താശയോടെ പണം തട്ടിയെടുക്കുന്നുവെന്നാണ് കണ്ടെത്തിയത്.

ഏറ്റവും പാവപ്പെട്ടവര്‍ക്കുള്ള സഹായമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നല്‍കുന്നത്. കുറ്റമറ്റ രീതിയില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമാണ് സഹായമനുവദിക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. പക്ഷെ, ഓപ്പറേഷന്‍ സിഎംഡിആ‌എഫില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന തട്ടിപ്പാണ്.

Related News