ഗവര്‍ണര്‍ ഒപ്പിടാത്ത ബില്ലുകളില്‍ നാല് മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കും

  • 22/02/2023

തിരുവനന്തപുരം: ഗവര്‍ണര്‍ ഒപ്പിടാത്ത ബില്ലുകളില്‍ നാല് മന്ത്രിമാര്‍ രാജ്ഭവനില്‍ ഇന്ന് നേരിട്ടെത്തി വിശദീകരണം നല്‍കും. കൂടിക്കാഴ്ച രാത്രി എട്ട് മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പു വച്ചേയ്ക്കില്ലെന്നാണ് സൂചന. കെടിയു വിസി നിയമനത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും.


നിയമസഭ പാസ്സാക്കിയ എട്ട് ബില്ലുകളിന്മേല്‍ നാല് മന്ത്രിമാര്‍ ഇന്ന് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് നേരിട്ട് വിശദീകരണം നല്‍കും. രാത്രി എട്ടിനാണ് ഗവര്‍ണറുടെ ക്ഷണമനുസരിച്ചു മന്ത്രിമാരെത്തുന്നത്. അത്താഴ വിരുന്നിനൊപ്പമാണ് ചര്‍ച്ച. മന്ത്രിമാരായ പി.രാജീവ്, ആ‌ര്‍ ബിന്ദു, വിഎന്‍ വാസവന്‍, ജെ.ചിഞ്ചുറാണി എന്നിവരുമായാണ് കൂടിക്കാഴ്ച. മന്ത്രിമാര്‍ നേരിട്ട് വിശദീകരിച്ചാലും ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാനുള്ള സാധ്യത കുറവാണ്.

കെടിയു വിസി നിയമനത്തില്‍ സര്‍ക്കാര്‍ നല്‍കിയ പാനലില്‍ നിന്നും വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി. ആവശ്യപ്പെട്ടേക്കാം. പക്ഷെ പാനല്‍ നല്‍കാന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനാണ് രാജ്ഭവന്‍്റെ ആലോചന.നാളെ വൈകീട്ട് ഗവര്‍ണ്ണര്‍ വീണ്ടും ദില്ലിക്ക് പോകും. ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്‍, സെര്‍ച്ച്‌ കമ്മിറ്റിയില്‍ ഗവര്‍ണറുടെ അധികാരം കുറക്കുന്ന ബില്‍, ലോകായുക്ത ബില്‍, മില്‍മ ഭരണസമിതി ഭേദഗതി ബില്‍ അടക്കമുള്ള ബില്ലുകളിലാണ് ഗവര്‍ണ്ണര്‍ ഒപ്പ് വെക്കാതിരിക്കുന്നത്.

Related News