തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കും തിരിച്ചും വന്ദേ ഭാരത് ഓടും: പി.കെ. കൃഷ്ണദാസ്

  • 23/02/2023

കണ്ണൂര്‍ : അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് കേരളത്തില്‍ ഓടുമെന്നും ഇക്കാര്യത്തില്‍ 100 ശതമാനം ഉറപ്പുണ്ടെന്നും റെയില്‍വേ പാസഞ്ചേഴ്സ് അമ്‌നിറ്റി കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ്. കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്‌ സംഘടിപ്പിച്ച കണ്ണൂര്‍ റെയില്‍വേ വികസനത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ എന്ന വിഷയത്തിലുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


തിരുവനന്തപുരത്തുനിന്ന്‌ ആരംഭിച്ച്‌ മംഗളൂരുവില്‍ അവസാനിക്കുന്ന തരത്തില്‍ വന്ദേ ഭാരത് ഓടിക്കുക അശാസ്ത്രീയമാണ്. പകരം തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കും തിരിച്ചും ഓടിക്കാനാണ് തീരുമാനം. ഇതിനായി സിഗ്നല്‍ സിസ്റ്റം ആധുനികീകരിക്കണം. കേരളത്തിലടക്കം റെയില്‍പ്പാളങ്ങളുടെ 85 ശതമാനവും പുനര്‍നിര്‍മിച്ചു. സ്റ്റേഷന്‍ നവീകരണവും ആരംഭിച്ചു. വിമാനത്താവളം മാതൃകയില്‍ എല്ലാ ആധുനികസൗകര്യങ്ങളോടെയുള്ള റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കും. ‌കേരളത്തില്‍ കൊല്ലം, എറണാകുളം നോര്‍ത്ത്, സൗത്ത് എന്നീ സ്റ്റേഷനുകള്‍ വിമാനത്താവളത്തിന് സമാനമാക്കും. ഇതിനായി 400 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചേംബര്‍ പ്രസിഡന്‍റ് ടി.കെ. രമേശ് കുമാര്‍ അധ്യക്ഷത വഹിച്ചു.

സുരേഷ് ബാബു എളയാവൂര്‍, ചേംബര്‍ സെക്രട്ടറി സി. അനില്‍കുമാര്‍, കെ. നാരായണന്‍ കുട്ടി, സച്ചിന്‍ സൂര്യകാന്ത്, മഹേഷ് ചന്ദ്ര ബാലിഗ, കെ. വിനോദ് നാരായണന്‍, സി.വി. ദീപക്, ഗോകുല്‍ദാസ്, ഹനീഷ് കെ. വാണിയങ്കണ്ടി, ബി.ജെ.പി. ജില്ലാ പ്രസിഡന്‍്റ് എന്‍. ഹരിദാസ് എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു.

Related News