കായൽ കൈയേറി നിർമാണം; ആലപ്പുഴ ജില്ലയില്‍ വീണ്ടും റിസോര്‍ട്ട് പൊളിക്കുന്നു

  • 25/02/2023

കാപ്പിക്കോ റിസോര്‍ട്ടിന് പുറമേ ആലപ്പുഴ ജില്ലയില്‍ വീണ്ടും റിസോര്‍ട്ട് പൊളിക്കുന്നു. എമറാള്‍ഡ് പ്രിസ്റ്റിന്‍ റിസോര്‍ട്ടാണ് പൊളിക്കാന്‍ തീരുമാനം. ഒളവയപ്പ് കായല്‍ കയ്യേറിയാണ് റിസോര്‍ട്ട് നിര്‍മാണെന്നാണ് കണ്ടെത്തല്‍. റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കി. തീരദേശനിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് റിസോര്‍ട്ട് നിര്‍മിച്ചതെന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഒരു മാസത്തിനകം റിസോര്‍ട്ട് പൊളിക്കണമെന്നാണ് ഉത്തരവ്.


2003ലാണ് കോടന്തുരുത്ത് പഞ്ചായത്തിലെ ഒളവയപ്പ് കായലിലെ തുരുത്തില്‍ എമറാള്‍ഡ് പ്രിസ്റ്റിന്‍ റിസോര്‍ട്ട് നിര്‍മിക്കുന്നത്. വെള്ളത്തില്‍ ഒഴുകി നടക്കുന്ന ഒന്‍പതോളം കോട്ടേജുകളും ആഢംബര റിസോര്‍ട്ടിന്റെ ഭാഗമായി നിര്‍മിച്ചിരുന്നു. ഇത് മത്സ്യബന്ധനത്തെ സാരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികളാണ് പരാതിയുമായി ആദ്യം രംഗത്ത് വന്നത്. തുടര്‍ന്ന് പഞ്ചായത്ത് റിസോര്‍ട്ടിന് സ്‌റ്റോപ് മെമോ കൊടുത്തതോടെ റിസോര്‍ട്ട് ഉടമകള്‍ ഹൈകോടതിയെ സമീപിച്ചു.

ഹൈക്കോടതിയാണ് ജില്ലാ കളക്ടറോട് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കളക്ടറുടെ പരിശോധനയില്‍ വീഴ്ചകള്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ കോടന്തുരുത്ത് പഞ്ചായത്തിന് വിഷയത്തില്‍ ഇടപെടാനും നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയത്. കായലിന്റെ നടുക്കുള്ള തുരുത്തിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.

Related News