ടൂറിസത്തിലൂടെ വനിതാശാക്തീകരണവും; ഐക്യരാഷ്ട്രസഭ വിമനും കേരള ടൂറിസവും ധാരണാപത്രം ഒപ്പിട്ടു

  • 26/02/2023

ടൂറിസത്തിലൂടെ വനിതാശാക്തീകരണവും പെൺകുട്ടികളുടെ ഉന്നമനവും ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭ വിമനും കേരള ടൂറിസവും ധാരണാപത്രം ഒപ്പിട്ടു. കുമരകത്ത് നടക്കുന്ന ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടിയിൽ വച്ച് യുഎൻ വുമൻ ഇന്ത്യാമേധാവി ശ്രീമതി സൂസൻ ഫെർഗൂസനും കേരള ടൂറിസം ഡയറക്ടർ ശ്രീ പി ബി നൂഹും തമ്മിലാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ധാരണാപത്രത്തിലെ തീരുമാനങ്ങൾ നടപ്പിൽ വരുത്തുന്നതിനുള്ള സർക്കാർ ഏജൻസി ഉത്തരവാദിത്ത ടൂറിസം മിഷനാണ്. 

ധാരണാപത്ര പ്രകാരം സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ള ഈ മേഖലയിലെ പങ്കാളികൾ, യുവപ്രതിനിധികൾ, സിവിൽ സംഘടനകൾ എന്നിവർക്ക് വനിതാസൗഹൃദ ടൂറിസം പ്രവർത്തനങ്ങളെക്കുറിച്ച് പരിശീലനം നൽകും. വിവിധ വിഭാഗങ്ങളിലായി പരിശീലകർക്ക് വനിതാസൗഹൃദ വിഷയങ്ങളെക്കുറിച്ചും പരിശീലനം നൽകും. ലിംഗസമത്വ ടൂറിസം പ്രവർത്തനങ്ങളെക്കുറിച്ചുള്ള മാനദണ്ഡങ്ങൾ, പരിശീലന വിഷയങ്ങൾ എന്നിവ രൂപീകരിക്കും. ഈ പ്രവർത്തനങ്ങൾക്കുള്ള ഗവേഷണം, റിപ്പോർട്ടുകൾ, അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളി ലേക്കുള്ള റിപ്പോർട്ടുകൾ എന്നിവയ്ക്കുള്ള സാങ്കേതിക സഹകരണം ഇതു വഴി ഉത്തരവാദിത്ത ടൂറിസം മിഷന ലഭിക്കും. പൊതു ടൂറിസം സ്ഥലങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന മോശം പെരുമാറ്റം, സാമൂഹിക അസമത്വം എന്നിവ തടയാനുള്ള ഇടപെടലുകളും ധാരണാപത്രത്തിലൂടെ ഉറപ്പു വരുത്തുന്നു.

സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച വനിതാസൗഹൃദ ടൂറിസം പരിപാടിയുടെ തുടർച്ചയായാണ് ഐക്യരാഷ്ട്രസഭ സംഘടനയുമായി ധാരണാപത്രം ഒപ്പിട്ടതെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം സംരംഭങ്ങൾ, അനു ബന്ധ വ്യവസായങ്ങൾ, ഉത്തരവാദിത്ത ടൂറിസം പദ്ധതികൾ എന്നിവയിലുള്ള വനിതാ പങ്കാളിത്തം വർധിപ്പിക്കും. വനിതാശാക്തീകരണം മുൻനിറുത്തിയുള്ള ടൂറിസം പദ്ധതികൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും മന്ത്രി പറഞ്ഞു.

Related News