ഇസ്രയേലിൽ മുങ്ങിയ ബിജുവിനെ ഇസ്രായേലി പൊലീസ് കണ്ടെത്തി: നാളെ പുലർച്ചെ കരിപ്പൂരിലെത്തും

  • 26/02/2023

തിരുവനന്തപുരം: ഇസ്രായേലിലെ കൃഷി രീതി പഠിക്കാൻ സർക്കാർ അയച്ച സംഘത്തിൽ നിന്നും കാണാതായ ബിജു കുര്യനെ ത് ഇസ്രായേലി ആഭ്യന്തര പോലീസ് കണ്ടെത്തി. ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചെന്നും നാളെ പുലർച്ചെയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുമെന്നുമാണ് വിവരം. ഇയാളെ കണ്ടെത്തിയ കാര്യം ഇസ്രായേൽ പോലീസ് ഇന്റർപോളിനെ അറിയിക്കുകയായിരുന്നു. ഇന്റർപോൾ ഈ വിവരം പിന്നീട് ടെൽ അവീവിലെ ഇന്ത്യൻ എംബസിക്കും കൈമാറി. 

ടെൽ അവീവിന് സമീപത്തുള്ള ഹെർസ്ലിയ നഗരത്തിൽ വച്ചാണ് ബിജു കുര്യൻ ബി.അശോക് ഐഎഎസ് നയിച്ച സംഘത്തിൽ നിന്നും മുങ്ങിയത്. ഇയാൾക്കായി രാത്രിയും പകലും കാത്തിരുന്ന ശേഷം അശോകും സംഘവും ഹെർസ്ലിയ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇന്ത്യൻ എംബസ്സിയിലും ഇസ്രയേൽ അധികൃതർക്കും ഇതു സംബന്ധിച്ച് വിവരം കൈമാറുകയും ചെയ്തു. 

ഈ പരാതിയിൽ അന്വേഷണം നടത്തിയാണ് ഇസ്രായേൽ പൊലീസ് ബിജു കുര്യനെ കണ്ടെത്തിയത്. മലയാളികൾ ധാരാളമായുള്ള ഒരു ഗ്രാമത്തിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞതെന്നാണ് ലഭ്യമായ വിവരം. ബിജുവിനെ സംരക്ഷിക്കുന്നവർക്ക് എതിരെ നടപടി ഉണ്ടാകും എന്ന് ഇസ്രയേൽ പോലീസ് മുന്നറിയിപ്പ് നൽകിയതോടെ ആണ് മുങ്ങിയ ബിജു പൊങ്ങിയതും നാട്ടിലേക്ക് മടങ്ങിയതും എന്നാണ് സൂചന.

Related News