ചീറി പായുന്ന ബുള്ളറ്റിൻറെ ടാങ്കിൽ കുഞ്ഞിനെ കിടത്തി യാത്ര; 'സ്‌നേഹമല്ല, അപകടകരമായ കുറ്റമെന്ന് പൊലീസ്

  • 26/02/2023

തിരുവനന്തപുരം: ഡൈവർമാരുടെ അശ്രദ്ധയും അമിത ആത്മവിശ്വാസവും പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചുവരുത്താറുണ്ട്. ഒരു സെക്കൻഡിൽ പറ്റുന്ന പിഴവിന് വലിയ വിലയാണ് പലർക്കും കൊടുക്കേണ്ടിവരാറുള്ളത്. ചിലർ സ്വന്തം മക്കളെയും ഇത്തരത്തിൽ അപകടത്തിൽപ്പെടുത്താറുണ്ട്. മക്കളോടുള്ള സ്‌നേഹ പ്രകടനമാണെന്ന നിലയിൽ വാഹനത്തിലിരുത്തി അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്യുന്നതിൻറെ പല വാർത്തകളും പുറത്തുവന്നിട്ടുണ്ട്. 

അതിനിടിയിലാണ് ഇത്തരമൊരു വീഡിയോ പങ്കുവച്ചുകൊണ്ട് കേരള പൊലീസിൻറെ മുന്നറിയിപ്പും എത്തിയിരിക്കുന്നത്. മക്കളെ അപകടകരമായ രീതിയിലിരുത്തി വാഹനമോടിക്കുന്നത് സ്‌നേഹമല്ലെന്നും അപകടകരമായ കുറ്റമാണെന്നും കേരള പൊലീസ് ഓർമ്മിപ്പിച്ചു.

ഒരു ബുള്ളറ്റിൻറെ ടാങ്കിൽ കുഞ്ഞിനെ കിടത്തി യാത്ര ചെയ്യുന്നതിൻറെ വീഡിയോ ആണ് കേരള പൊലീസ് പങ്കുവച്ചിരിക്കുന്നത്. 'ഇത് സ്‌നേഹമല്ല...അപകടകരമായ കുറ്റമാണ്' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത്തരത്തിൽ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നവർ പലപ്പോഴും സ്വന്തം കുഞ്ഞുങ്ങളെക്കൂടിയാണ് അപകടത്തിലാക്കുന്നതെന്ന കമൻറുകളുമായി നിരവധി പേരാണ് കേരള പൊലീസിൻറെ വീഡിയോക്ക് താഴെ രംഗത്തെത്തിയിരിക്കുന്നത്. 

ചെറിയ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധവേണം അപകടം സംഭവിച്ചാൽ ദുഃഖം തങ്ങാനാവില്ല എന്ന് കമൻറിടുന്നവരും കുറവല്ല. ഇത്തരത്തിൽ കുട്ടികളെ മുന്നിൽ കിടത്തിയും കാറിൽ ഡ്രൈവ് ചെയ്യുമ്പോൾ മടിയിലിരുത്തിയും വാഹനമോടിക്കുന്നവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസ്സെടുക്കണം എന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

Related News