മുഖ്യമന്ത്രിയുടെ സുരക്ഷക്കെതിരെ പ്രതിപക്ഷം; പഴയ വിജയനെങ്കിൽ മറുപടി നൽകിയെനെയെന്ന് മുഖ്യമന്ത്രി

  • 27/02/2023

തിരുവനന്തപുരം: വാഹനവ്യൂഹവും സുരക്ഷയും തന്റെ ദൗര്‍ബല്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താനിരിക്കുന്ന സ്ഥാനത്ത് മറ്റൊരാള്‍ ഇരുന്നാലും ഉണ്ടാകുന്ന കാര്യമായി മാത്രം കണ്ടാല്‍ മതി. അത് പ്രത്യേകമായി എന്റെയൊരു ദൗര്‍ബല്യമായി കാണേണ്ടതില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. നേരത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞു മുഖ്യമന്ത്രി വീട്ടില്‍ തന്നെ ഇരിക്കേണ്ടി വരും, വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റില്ലെന്ന്. പഴയ വിജയനാണെങ്കില്‍ പണ്ടേ അതിന് മറുപടി പറഞ്ഞേനെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ആ മറുപടിയല്ല ഇപ്പോള്‍ ആവശ്യം. സാധാരണ നിലയില്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നവരോട് പ്രതിഷേധമുണ്ടാകും. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞു എന്നും വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതൊന്നുമില്ലാത്ത കാലത്ത്, നിങ്ങള്‍ സര്‍വസജ്ജമായി നിന്ന കാലത്ത് ഞാന്‍ ഒറ്റത്തടിയായിട്ട് നടന്നല്ലോയെന്നും പിണറായി പറഞ്ഞു. വീട്ടില്‍ നിന്ന് പുറത്തിറക്കില്ല എന്നു പറഞ്ഞ കാലത്തും ഞാന്‍ പുറത്തിറങ്ങിയിരുന്നു. വിശിഷ്ട വ്യക്തികള്‍, അതിവിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ക്കൊക്കെ സുരക്ഷ ഒരുക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ചാണ്.

സംസ്ഥാനത്ത് സുരക്ഷ ഒരുക്കേണ്ട വിശിഷ്ട വ്യക്തികളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച്‌ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് കേന്ദ്രത്തിലേയും സംസ്ഥാനങ്ങളിലേയും ബന്ധപ്പെട്ട അധികാരികള്‍ ഉള്‍ക്കൊള്ളുന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയാണ്. ഓരോ ആറുമാസം കൂടുമ്ബോഴും കമ്മിറ്റി യോഗം ചേര്‍ന്ന് അവലോകനവും പുനഃപരിശോധനയും നടത്തുന്നു. ഇതുപ്രകാരം മുഖ്യമന്ത്രിക്ക് സെഡ് പ്ലസ് സുരക്ഷയാണ് നല്‍കി വരുന്നത്. ഇതേ സുരക്ഷ തന്നെയാണ് സംസ്ഥാന ഗവര്‍ണര്‍ക്കും വയനാട്ടിലെ എംപിയായ രാഹുല്‍ഗാന്ധിക്കും ഒരുക്കിയിട്ടുള്ളത്. സെഡ് പ്ലസ് പ്രകാരമുള്ള സാധാരണ സുരക്ഷ മാത്രമേ മുഖ്യമന്ത്രിക്കും നല്‍കിയിട്ടുള്ളൂ. മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

Related News