മധു കേസ്: അഭിഭാഷകന് പ്രതിഫലം അനുവദിച്ച് ഉത്തരവിറക്കി സർക്കാർ

  • 27/02/2023

അട്ടപ്പാടി മധു കേസ് അഭിഭാഷകൻ രാജേഷ് എം മേനോന് വേതനം അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കേസ് നടത്തിപ്പിനായി നടത്തിയ വിവിധ യാത്രകൾക്കായി യാത്രാബത്ത, ഡിസൽ/പെട്രോൾ ഇനത്തിൽ ചെലവായ 1,88,510 രൂപയിൽ 47,000 രൂപ നേരത്തെ അനുവദിച്ചിരുന്നു. ബാക്കി 1,41,510 രൂപ അനുവദിച്ചാണ് ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 

അട്ടപ്പാടി മധുവധകേസിൽ പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന് സർക്കാർ വേതനം നൽകുന്നില്ലെന്ന് മധുവിന്റെ കുടുംബം നേരത്തെ പരാതി നൽകിയിരുന്നു. ഇതുവരെ ഒരു രൂപ പോലും ഫീസിനത്തിൽ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ അമ്മ മന്ത്രി കൃഷ്ണൻ കുട്ടിക്ക് പരാതി നൽകി. പരാതി പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു.

മല്ലിയുടെ പരാതി അനുഭാവപൂർണ്ണം പരിഗണിക്കുമെന്നും, ജില്ലാ പട്ടികവർഗ്ഗ ഓഫീസറോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കിയിരുന്നു. 2022 ജൂൺ എട്ടിനാണ് മധു കേസ് വിചാരണ നടപടികൾ പാലക്കാട് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയിൽ ആരംഭിച്ചത്. കഴിഞ്ഞ ജൂലൈ മുതൽ രാജേഷ് എം മേനോനാണ് കേസിലെ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ.

Related News