മകളെ കാട്ടുപന്നിയിൽ നിന്ന് രക്ഷിക്കാൻ പോരാട്ടം; ഒടുവിൽ അമ്മയ്ക്ക് വീര മരണം

  • 28/02/2023

റായ്പുർ: മകളെ കാട്ടുപന്നിയിൽ നിന്ന് രക്ഷിക്കാനുള്ള പോരാട്ടത്തിനൊടുവിൽ അമ്മയ്ക്ക് വീര മരണം. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. കാട്ടുപന്നിയെ കോടാലി ഉപയോഗിച്ചാണ് അമ്മ എതിരിട്ടത്. ദുവാസിയയും (45) മകൾ റിങ്കിയും ഞായറാഴ്ച വൈകുന്നേരം വയലിൽ പണിയെടുക്കുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്. പെട്ടെന്നുള്ള ഒരു ബഹളം കേട്ട് നോക്കിയപ്പോൾ ഒരു വലിയ കാട്ടുപന്നി തൻറെ മകളുടെ നേരെ പാഞ്ഞടുക്കുന്നതാണ് ദുവാസി കണ്ടത്.

ഉടൻ ഓടി മകളുടെ അടുത്തേക്ക് എത്തിയ ദുവാസി കുട്ടിയെ എടുത്ത് ഒരു വശത്തേക്ക് എറിഞ്ഞു. മകളോട് വീട്ടിലേക്ക് ഓടാൻ പറഞ്ഞ ശേഷം ദുവാസി കോടാലി ഉപയോഗിച്ച് കാട്ടുപന്നിയെ എതിരിടുകയായിരുന്നു. കോടാലി വീശിയപ്പോൾ കാട്ടുപന്നി പിന്മാറുമെന്നാണ് ദുവാസി പ്രതീക്ഷിച്ചത്. എന്നാൽ, ദുവാസിയെ പന്നി ആക്രമിച്ചു. ഇതിനിടെ കാട്ടുന്നി ദുവാസിയുടെ സാരിയിൽ കുടുങ്ങി. ഇതിൽ നിന്ന് രക്ഷപെടാൻ ദുവാസിയെ കുത്താൻ തുടങ്ങി.

നിലത്തു വീണെങ്കിലും ദുവാസി പന്നിയെ പ്രതിരോധിച്ച് കൊണ്ടിരുന്നു. കോടാലി ഉപയോഗിച്ച് പന്നിയുടെ കഴുത്തിൽ തുടർച്ചയായി കുത്തിയതോടെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ എല്ലാം കഴിഞ്ഞു. എന്നാൽ, ഗുരുതരമായ പരിക്കേറ്റ ദുവാസിയും അപ്പോൾ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പിതാവിനെയും ഗ്രാമീണരെയും കൂട്ടി മകൾ റിങ്കി എത്തിയപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. തൻറെ മകളെ അവസാനമായി ഒരു നോക്ക് കണ്ട് അവൾ സുരക്ഷിതയാണെന്ന് ഉറപ്പാക്കിയ ശേഷമാണ് ദുവാസി മരണത്തിന് കീഴടങ്ങിയത്.

ഗ്രാമീണർ വണങ്ങി കൊണ്ട് ദുവാസിക്ക് ചുറ്റും പ്രാർത്ഥനയോടെ നിന്നത് സങ്കടപ്പെടുത്തുന്ന കാഴ്ചയായി മാറി. പിന്നീട് സംഭവസ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് പന്നിയുടെ വലിപ്പം കണ്ട് അമ്പരന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. കുടുംബത്തിന് 25,000 രൂപ അടിയന്തര സഹായമായി നൽകിയിട്ടുണ്ടെന്നും രേഖകൾ ഹാജരാക്കിയ ശേഷം നഷ്ടപരിഹാരത്തിന്റെ ബാക്കി തുകയായി 5.75 ലക്ഷം രൂപ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Related News