ആൺ കഴുതകളില്ല; ഗുജറാത്തിൽ ഹലാരി കഴുതകളുടെ ജനനത്തിനായി പ്രത്യേക ആഘോഷം

  • 01/03/2023

തദ്ദേശീയമായ കഴുതപ്പാലിന് പേരുകേട്ടതും എന്നാൽ വംശനാശ ഭീഷണി നേരിടുന്നതുമായ ഹലാരി കഴുതകളുടെ ജനനത്തിനായി ഗുജറാത്തിൽ പ്രത്യേക ആഘോഷം സംഘടിപ്പിച്ചു. ഹലാരി കഴുതപ്പാലിന് ആവശ്യക്കാരേറെയായതിനാൽ ഒരു ലക്ഷം രൂപയോളമാണ് ഒരു ഹലാരി കഴുതയുടെ വില. അതേ സമയം ഇവ വംശനാശ ഭീഷണി നേരിടുകയും ചെയ്യുന്നു. ഗുജറാത്തിൽ തന്നെ ഇവയുടെ 450 എണ്ണമാണ് അവശേഷിക്കുന്നത്. അതിനാൽ ഇവയുടെ വംശനാശം തടയുന്നതിനും പ്രജനനത്തിനുമായി കേന്ദ്ര - സംസ്ഥാന സർക്കാറുകൾ പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നുണ്ട്. 

ഹലാരി കഴുതകളുടെ പ്രാധാന്യത്തെ കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിൻറെ ഭാഗമായി രാജ്കോട്ട് ജില്ലയിലെ ഉപ്ലെറ്റ താലൂക്കിലെ കോൽക്കി ഗ്രാമത്തിലാണ് പുതിയ ഹലാരി കഴുതകളുടെ ജനനത്തിനായി ആഘോഷ ചടങ്ങ് സംഘടിപ്പിച്ചത്. ഹലാരി ഗദർഭ സംവർദ്ധൻ സമിതിയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് നടന്നത്. പരിപാടിയിൽ സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഗർഭിണികളായ ഹളാരി കഴുതകൾക്കായി സംഘടിപ്പിച്ച 'ഗോദ്ഭാരായി' ചടങ്ങിൽ ഗ്രാമത്തിലെ സ്ത്രീകൾ പെൺകഴുതകൾക്ക് തിലകം, കുങ്കുമം, അരി, പിങ്ക് ചുണ്ണി (ദുപ്പട്ട) എന്നിവ തളിക്കുന്നതും പൂമാലകൾ ഇടുക തുടങ്ങിയ പരമ്പരാഗത ആചാരങ്ങൾ നടത്തി. സൗരാഷ്ട്ര മേഖലയിൽ വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവിയായി ഹലാരി കഴുതയെ സംരക്ഷിക്കേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ച് മാൽധാരി സമൂഹത്തിലും മറ്റുള്ളവരിലും അവബോധം വളർത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. 

ഹലാരി കഴുതകളിലെ ആണ്ണുങ്ങളുടെ എണ്ണം കുറയുന്നതിനാൽ, വംശനാശഭീഷണി നേരിടുന്ന ഇവയെ സംരക്ഷിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായാണ് ചടങ്ങുകൾ നടത്തിയത്. ഹലാരി കഴുതയുടെ പാലിന് ലിറ്ററിന്  180 രൂപയാണ് വില. സ്ത്രീകളുടെ സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഇവ വ്യാപകമായി ഉപയോഗിക്കുന്നു. ഇവയുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് സിംബയോസിസ് ഓർഗനൈസേഷനും പ്രത്യേക പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

Related News