കർണാടകയിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം 17% വർധിപ്പിച്ചു; സമരം അവസാനിപ്പിച്ച് ജീവനക്കാർ

  • 01/03/2023

കർണാടകയിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചു. 17 ശതമാനം വർധനവാണുണ്ടായിട്ടുള്ളത്. ശമ്പളം കൂട്ടിയതോടെ കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷന്റെ (കെഎസ്ജിഇഎ) പണിമുടക്ക് അവസാനിപ്പിച്ചു. ഇടക്കാല ആശ്വാസമായാണ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ 17 ശതമാനം വർധനവ് പ്രഖ്യാപിച്ചത്.

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം പരിശോധിക്കാൻ സംസ്ഥാന സർക്കാർ സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ വർഷം ഏപ്രിൽ 1 മുതൽ ഇടക്കാലാശ്വാസം പ്രാബല്യത്തിൽ വരും. ചൊവ്വാഴ്ച രാത്രി അസോസിയേഷൻ അംഗങ്ങളുമായി ചർച്ച നടത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച രാവിലെ ധനവകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് കെഎസ്ജിഇഎയുമായി വീണ്ടും ചർച്ച നടത്തുകയും ചെയ്തു. അടിസ്ഥാന ശമ്പളത്തിൽ 17 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അസോസിയേഷൻ സമരം അവസാനിപ്പിച്ചത്.

ശമ്പളം വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിലെ പഴയ പെൻഷൻ പദ്ധതി, സാമ്പത്തിക പ്രത്യാഘാതങ്ങൾ, പ്രശ്നങ്ങൾ എന്നിവ പഠിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കും.

Related News