2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും: മമത ബാനർജി

  • 02/03/2023

ഇടതിനും കോൺഗ്രസിനും ഉള്ള ഒരോ വോട്ടും ബിജെപിയെ അധികാരത്തിലെത്തിക്കുമെന്ന് മമതാ ബാനർജി. ഇടത്- കോൺഗ്രസ് പാർട്ടികളുമായി ഒരു സഖ്യവും 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് ഉണ്ടാകില്ലെന്നും മമത ബാനർജി പറഞ്ഞു. സമാന താത്പര്യമുള്ള രാഷ്ട്രീയ ജനകീയ മുന്നണി തൃണമൂൽ കോൺഗ്രസ് രൂപീകരിക്കും. ബിജെപി ഇതര ഭരണം വരണം എന്നതല്ല തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് കാര്യങ്ങൾ നടന്നാൽ മതി എന്നതാണ് കോൺഗ്രസിന്റെ ആഗ്രഹം. സഖ്യം ഉണ്ടാക്കാൻ പറ്റാത്ത പാർട്ടിയായി കോൺഗ്രസ് താത്പര്യങ്ങൾ മാറിക്കഴിഞ്ഞുവെന്നും മമത കുറ്റപ്പെടുത്തി. 

ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയ കോൺഗ്രസ് എങ്ങനെ ബിജെപിയെ നേരിടുമെന്ന് മമത ചോദിച്ചു. ഇത്തരം ധാരണകളുണ്ടാക്കിയ ഇടതുപാർട്ടികൾക്കും ബിജെപിയെ പരാജയപ്പെടുത്താനാകുമോ എന്നും മമത ആഞ്ഞടിച്ചു. ബിജെപി വിരുദ്ധമെന്ന് കോൺഗ്രസിനും സിപിഐഎമ്മിനും എങ്ങനെ അവകാശപ്പെടാൻ സാധിക്കുമെന്നും മമത കൂട്ടിച്ചേർത്തു.

ഭരണകക്ഷിയായ തൃണമൂലിൽ നിന്ന് കോൺഗ്രസ് നിയമസഭാ സീറ്റ് പിടിച്ചെടുത്ത ബംഗാളിലെ സർദിഗിയിലെ ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് പരാമർശിച്ചായിരുന്നു മമതയുടെ വിമർശനങ്ങൾ. കോൺഗ്രസും ഇടതുപക്ഷവും ബിജെപിയും സർദിഗിയിൽ വർഗീയ കാർഡ് ഇറക്കിയെന്ന് മമത കുറ്റപ്പെടുത്തി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനായി ജനകീയ മുന്നണി രൂപീകരിക്കുമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.

Related News