പെഗാസസ് ഉപയോഗിച്ച്‌ തന്റെ ഫോണും ചോര്‍ത്തിയിരുന്നു; കേംബ്രിഡ്ജിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

  • 03/03/2023

ന്യൂഡല്‍ഹി: ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച്‌ തന്റെ ഫോണും ചോര്‍ത്തിയിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നതിനാല്‍ ഫോണില്‍ സംസാരിക്കുമ്ബോള്‍ ശ്രദ്ധിക്കണമെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും രാഹുല്‍ വെളിപ്പെടുത്തി. യു.കെയിലെ കേംബ്രിജ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംവദിക്കുന്നതിനിടെയാണ് രാഹുലിന്റെ പ്രതികരണം.


'എന്റെ ഫോണിലും പെഗാസസ് ഉണ്ടായിരുന്നു. നിരവധി രാഷ്ട്രീയ നേതാക്കളുടെ ഫോണില്‍ പെഗാസസ് ഉണ്ട്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ എന്നെ വിളിച്ചിരുന്നു, കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നതിനാല്‍ ഫോണില്‍ സംസാരിക്കുമ്ബോള്‍ വളരെയേറെ ശ്രദ്ധിക്കണമെന്ന് അവര്‍ പറഞ്ഞു. ഞങ്ങള്‍ സ്ഥിരമായി അനുഭവിക്കുന്ന സമ്മര്‍ദമാണിത്. യാതൊരു അടിസ്ഥാനവുമില്ലാതെ താന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ നിരവധി ക്രിമിനല്‍ കേസുകള്‍ വന്നു. ഇതെല്ലാം പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍', രാഹുല്‍ പറഞ്ഞു.

രാജ്യത്ത് പാര്‍ലമെന്റിനും മാധ്യമങ്ങള്‍ക്കും ജുഡീഷ്യറിക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടന ആക്രമിക്കപ്പെടുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു. ഭരണഘടനയില്‍ സംസ്ഥാനങ്ങളെ യൂണിയന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ആ യൂണിയനില്‍ എപ്പോഴും ചര്‍ച്ചകള്‍ ആവശ്യമാണ്. എന്നാല്‍ ഇവിടെ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

Related News