രാഹുൽഗാന്ധിയുടെ പെഗാസസ് ആരോപണം: എന്തുകൊണ്ട് അന്ന് അന്വേഷണത്തിന് ഫോൺ കൈമാരിയില്ലെന്ന് അനുരാഗ് താക്കൂർ

  • 03/03/2023

ദില്ലി: തൻറേതടക്കം രാഷ്ട്രീയ നേതാക്കളുടെ ഫോണുകൾ ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സർക്കാർ ചോർത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രഭാഷണ പരമ്പരയിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചത്. ഇന്ത്യയിൽ ജനാധിപത്യം അടിച്ചമർത്തപ്പെടുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.അതേസമയം ആരോപണം ഉന്നയിക്കുന്ന രാഹുൽ എന്തുകൊണ്ട് ഫോൺ അന്വേഷണത്തിനായി കൈമാറിയില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ തിരിച്ചടിച്ചു.

അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന പ്രഭാഷണ പരമ്പരയിൽ കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി ഉയർത്തിയത് അതിരൂക്ഷ വിമർശനം. പ്രതിപക്ഷ നേതാക്കൾക്ക് ഫോണിലൂടെ പോലും  സംസാരിക്കാനാവാത്ത സാഹചര്യമാണ് ഇന്ത്യയിൽ. ചാരസോഫ്‌റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സർക്കാർ പ്രതിപക്ഷ നേതാക്കളെ നിരീക്ഷിക്കുകയും വിവരങ്ങൾ ചോർത്തുകയുമാണ്. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നുണ്ടെന്നും, കരുതലോടെ സംസാരിക്കണമെന്നും ഇൻറലിജൻസ് ഉദ്യോഗസ്ഥർ തനിക്ക്  മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും രാഹുൽ വെളിപ്പെടുത്തി.

ന്യൂനപക്ഷങ്ങളും, ദളിതകളും ഇന്ത്യയിൽ ആക്രമിക്കപ്പെടുന്നുവെന്നും, ജുഡീഷ്യറിയും മാധ്യമങ്ങളും സർക്കാർ നിയന്ത്രണത്തിലാണെന്നും രാഹുൽ ആരോപിച്ചു. രാഹുലിൻറെ വാക്കുകൾക്ക് ഇന്ത്യയിൽ പോലും വിലയില്ലെന്ന് തിരിച്ചടിച്ച് സർക്കാർ പ്രതിരോധമുയർത്തി.  പെഗാസെസ് അന്വേഷണത്തോട് രാഹുൽ സഹകരിക്കാത്തതെന്തുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ചോദിച്ചു. ജി 20 ഉച്ചകോടിയിലേക്ക് രാജ്യം  നീങ്ങുമ്പോഴാണ് കേന്ദ്രസർക്കാരിനെതിരായ രാഹുലിൻറെ ആക്രമണം. പ്രഭാഷണം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നത്, ഇന്ത്യ ജനാധിപത്യത്തിൻറെ മാതാവ് എന്ന ടാഗ്ലൈനോടെ ഉച്ചകോടിയൊരുക്കുന്ന സർക്കാരിനെ സമ്മർദ്ദത്തിലാക്കിയേക്കും.

Related News