വരാപ്പുഴ സ്ഫോടനകേസിൽ ഒളിവിൽ പോയ മുഖ്യപ്രതി അറസ്റ്റിൽ

  • 03/03/2023

കൊച്ചി: എറണാകുളം വരാപ്പുഴയില്‍ പടക്ക സംഭരണശാല പൊട്ടിത്തെറിച്ച്‌ സ്ഫോടനമുണ്ടായ സംഭവത്തില്‍ കേസിലെ മുഖ്യ പ്രതിയും പടക്കശാലയുടെ ഉടമയുമായ ജെന്‍സണ്‍ അറസ്റ്റില്‍. സ്ഫോടനത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. വടക്കാഞ്ചേരിയിലുള്ള സുഹൃത്തിനൊപ്പം കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.


നേരത്തെ ഇയാളുടെ സഹോദരന്‍ ജെയ്സണെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് ജെയ്സണ്‍. അനധികൃത പടക്ക നിര്‍മാണശാലയിലെ മേല്‍നോട്ടക്കാരനായിരുന്നു ജെയ്‌സണ്‍. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ മത്തായിയെ ഇനിയും പിടികൂടാനുണ്ട്.

പടക്ക വില്‍പ്പനയ്ക്കുള്ള ലൈസന്‍സിന്റെ മറവില്‍ ഇവിടെ നടന്നത് പടക്ക നിര്‍മാണമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ജെയ്‌സണ്‍ എന്നയാള്‍ക്ക് പടക്കം വില്‍പ്പനക്കുള്ള ലൈസന്‍സ് മാത്രമാണ് ഉള്ളത്. അതിന്‍്റെ മറവില്‍ അനധികൃതമായി വന്‍തോതില്‍ പടക്കം സൂക്ഷിക്കുകയായിരുന്നു.

ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് പടക്കശാലയില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് കൂട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പൂര്‍ണമായും തകര്‍ന്ന പടക്കശാലയുടെ സമീപത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വീടുകള്‍ക്കും നാശം സംഭവിച്ചു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ ഒറ്റനില വീട്ടിലാണ് പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്. കെട്ടിടം സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു.

Related News