ജനകീയ പ്രതിരോധ ജാഥയില്‍ ഇപി ജയരാജന്‍ പങ്കെടുക്കും; നാളെ തൃശൂരിൽ പ്രസംഗിക്കും

  • 03/03/2023

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പങ്കെടുക്കും. നാളെ തൃശൂരിലാണ് ജയരാജന്‍ ജാഥയില്‍ പങ്കെടുക്കുക. തിരുവനന്തപുരത്തുള്ള ഇപി നാളെ രാവിലെ തൃശൂരിലേക്ക് യാത്ര തിരിക്കും.


ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച്‌ 18 വരെയാണ് ജാഥ. കാസര്‍കോട്ടു നിന്നു ആരംഭിച്ച ജാഥ തിരുവനന്തപുരത്താണ് സമാപിക്കുന്നത്.

നേരത്തെ ജാഥയില്‍ പങ്കെടുക്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് ഇപി ജയരാജന്‍ മറുപടി നല്‍കിയിരുന്നു. താന്‍ ജാഥയില്‍ അംഗമല്ല. എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന ചോദ്യം തന്നെ പ്രസക്തമല്ലെന്നും ഇപി വ്യക്തമാക്കിയിരുന്നു. എല്ലാവരും പ്രതിരോധ ജാഥയുടെ ഭാഗമാണ്. എല്ലാവരും ജാഥയില്‍ പങ്കെടുത്തേ മതിയാകൂ. ജാഥയില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

ചില മാധ്യമങ്ങള്‍ തന്നെ ടാര്‍ഗറ്റ് ചെയ്യുകയാണ്. അതിന് ചിലര്‍ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് ചിലര്‍ ഉപദേശവും നിര്‍ദേശങ്ങളും കൊടുക്കുന്നുമുണ്ട്. അതനുസരിച്ച്‌ ചില മാധ്യമങ്ങള്‍ വാര്‍ത്ത മെനഞ്ഞെടുക്കുന്നു. നിങ്ങള്‍ മെനഞ്ഞെടുത്താലും പ്രസിദ്ധീകരിച്ചാലും തനിക്കൊരു പ്രശ്നവുമില്ലെന്നും ഇപി നേരത്തെ പ്രതികരിച്ചിരുന്നു.

Related News