ബ്രഹ്മപുരം മലിന്യപ്ലാന്റിലെ തീയണക്കാൻ ശ്രമം തുടരുന്നു

  • 03/03/2023

അമ്ബലമേട്: കൊച്ചി കോര്‍പ്പറേഷന്റെ വ്യാഴാഴ്ച തീപിടിച്ച ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ പ്ലാസ്റ്റിക് മല കത്തുന്നത് തുടരുന്നു. ഇത് കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളെ പുകയില്‍ മുക്കി. ബ്രഹ്‌മപുരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പൂര്‍ണ്ണമായും പുക പടര്‍ന്നിരിക്കുകയാണ്. പത്തിലധികം ഫയര്‍ഫോഴ്‌സ്‌ യൂണിറ്റുകളാണ് തീയണയ്ക്കല്‍ ശ്രമം നടത്തുന്നത്. ആവശ്യമെങ്കില്‍ ഫയര്‍ഫോഴ്‌സിനെ സഹായിക്കാന്‍ നാവികസേന സന്നദ്ധത അറിയിച്ചിട്ടുണ്ട്.


വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.45-ഓടെയാണ് തീ അനിയന്ത്രിതമായത്. പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്ക് തീ പടര്‍ന്നു. 50 അടിയോളം ഉയരത്തില്‍ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ പടരുകയായിരുന്നു. തീയും പുകയും ഉയര്‍ന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അഗ്‌നിരക്ഷാ സേനയുടെ ഇരുപതോളം യൂണിറ്റുകളെത്തി. ഇവരുടെ ശ്രമത്തിനിടയിലും തീ കൂടുതല്‍ ഭാഗത്തേക്ക് പടര്‍ന്നു.

കാറ്റിന്റെ ദിശ അനുസരിച്ച്‌ തീ കൂടുതല്‍ പടര്‍ന്നു. ബ്രഹ്‌മപുരം, കരിമുകള്‍, പിണര്‍മുണ്ട, അമ്ബലമുകള്‍, പെരിങ്ങാല, ഇരുമ്ബനം, കാക്കനാട് പ്രദേശങ്ങളില്‍ പുകശല്യം രൂക്ഷമായിട്ടുണ്ട്. പ്ലാസ്റ്റിക് കത്തുന്ന ദുര്‍ഗന്ധവും രൂക്ഷമാണ്. തീപ്പിടിത്തത്തില്‍ പ്ലാന്റിനുള്ളിലെ ബയോ മൈനിങ് നടക്കുന്ന പ്രദേശമുള്‍പ്പെടെ കത്തിച്ചാമ്ബലായി. കോര്‍പ്പറേഷന്റെ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കും തീ പടര്‍ന്നു. മാലിന്യ സംസ്‌കരണത്തിനായി പ്ലാന്റിലുണ്ടായിരുന്ന നൂറോളം തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

Related News