മദ്യനയക്കേസ്: മനീഷ് സിസോദിയയ്ക്ക് ജാമ്യമില്ല

  • 04/03/2023

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ സി.ബി.ഐ. അറസ്റ്റുചെയ്ത ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും എ.എ.പി. എം.എല്‍.എ.യുമായ മനീഷ് സിസോദിയയ്ക്ക് ജാമ്യമില്ല. ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച്‌ പത്തിലേക്ക് മാറ്റി. അതിനിടെ സിസോദിയയുടെ കസ്റ്റഡി കാലാവധി രണ്ടു ദിവസംകൂടി നീട്ടി. സി.ബി.ഐ.യുടെ ആവശ്യം പരിഗണിച്ചാണ് റോസ് അവന്യൂ കോടതിയുടെ തീരുമാനം.


ഡല്‍ഹിയിലെ മദ്യനയം സംബന്ധിച്ച അഴിമതിക്കേസില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് മനീഷ് സിസോദിയയെ സി.ബി.ഐ. അറസ്റ്റുചെയ്യുന്നത്. എട്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ജാമ്യം തേടി സിസോദിയ സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ ശനിയാഴ്ച വാദം കേട്ട കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാര്‍ച്ച്‌ പത്തിലേക്ക് മാറ്റി.

അതേസമയം മൂന്നുദിവസംകൂടി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു സി.ബി.ഐ. റോസ് അവന്യൂ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രണ്ടുദിവസംകൂടി നീട്ടിനല്‍കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും നീണ്ട മണിക്കൂറുകള്‍ ചോദ്യം ചെയ്ത് മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും മനീഷ് സിസോദിയ കസ്റ്റഡി കാലാവധി നീട്ടുന്നത് തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചിരുന്നു.

Related News