ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ: കൊച്ചി നഗരത്തിലെ ജനങ്ങള്‍ നാളെ വീടുകള്‍ക്കുളളില്‍ തന്നെ കഴിയണമെന്ന് കളക്ടർ

  • 04/03/2023

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്ന സാഹചര്യത്തില്‍, കൊച്ചി നഗരത്തിലെ ജനങ്ങള്‍ നാളെ വീടുകള്‍ക്കുളളില്‍ തന്നെ കഴിയണമെന്ന് കലക്ടര്‍ രേണു രാജ്. നാളെ ഞായറാഴ്ചകൂടി ആയതിനാല്‍, ബ്രഹ്മപുരത്തും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ ഒഴിച്ച്‌ പകല്‍ സമയത്ത് വീടിനുള്ളില്‍ തന്നെ കഴിയണം.


ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. കടകളും സ്ഥാപങ്ങളും അടച്ചിടാന്‍ കര്‍ശന നിര്‍ദേശമില്ല. എന്നിരുന്നാലും കഴിയുന്നതും സ്ഥാപനങ്ങള്‍ അടച്ചിടണം. പൊതുജനങ്ങളും സ്ഥാപന ഉടമകള്‍ സഹകരിക്കണമെന്ന് കലക്ടര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി. തീയണയ്ക്കല്‍ ശ്രമം നിലവിലെ രീതിയില്‍ തന്നെ തുടരാനാണ് തീരുമാനം. 20 ഫയര്‍ എഞ്ചിന്‍ യൂണിറ്റുകള്‍ക്ക് പുറമേ കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ എത്തിക്കും. തൊട്ടടുത്തുള്ള പുഴയില്‍ നിന്ന് വെള്ളം പമ്ബു ചെയ്യാനായി ശക്കതിയുള്ള പമ്ബുകള്‍ ആലപ്പുഴയില്‍ നിന്നെത്തിക്കും. സഹായത്തിനായി വ്യോമസേനയുടെ കോയമ്ബത്തൂര്‍ സ്റ്റേഷനുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ആവശ്യമാണെങ്കില്‍ മൂന്നുമണിക്കൂറിനുള്ളില്‍ ഹെലികോപ്റ്ററുകള്‍ എത്തിക്കാമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. നേവിയുടെ ഹെലികോപ്റ്റര്‍ എത്തിച്ച്‌ തീയണക്കാന്‍ ശ്രമിച്ചപ്പോള്‍ താഴെനിന്ന് തീണയ്ക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. ഈ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ നിലവില്‍ ഹെലികോപ്റ്ററുകള്‍ എത്തിക്കേണ്ട എന്നാണ് തീരുമാനമെന്നും കലക്ടര്‍ വ്യക്തമാക്കി

Related News