സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളുമായി ബിജെപി; സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പ്രധാനമന്ത്രി പങ്കെടുക്കും

  • 04/03/2023

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വിജയിച്ചതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളുമായി ബിജെപി. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.


ത്രിപുരയില്‍ ബിജെപിയും മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ ബിജെപി ഉള്‍പ്പെട്ട സഖ്യവുമാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഈ മാസം ഏഴിനാണ് മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ സത്യപ്രതിജ്ഞാ ചടങ്ങ്. ത്രിപുരയില്‍ എട്ടിനും സത്യപ്രതിജ്ഞ നടക്കും.

ത്രിപുരയില്‍ ത്രികോണ മത്സരമാണ് അരങ്ങേറിയത്. ശക്തമായ മത്സരത്തിനൊടുവില്‍ 60ല്‍ 32 സീറ്റ് നേടിയാണ് ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം സ്വന്തമാക്കിയത്. സഖ്യകക്ഷിയായ ഐപിഎഫ്ടി ഒരു സീറ്റില്‍ വിജയിച്ചു. കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമിക്കിനെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു ബിജെപി പരിഗണിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതിമയ്ക്കാണ് നറുക്ക് വീഴുന്നതെങ്കില്‍ ത്രിപുരയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി അവര്‍ മാറും.

Related News