പുതിയ ദേശീയ പൗര കൂട്ടായ്മയുണ്ടാക്കാന്‍ രാജ്യസഭാ എം.പി. കപില്‍ സിബല്‍; അനീതിക്കെതിരെ പ്രവർത്തനം ലക്ഷ്യം

  • 05/03/2023

ന്യൂഡല്‍ഹി: ഇന്‍സാഫ് എന്ന പേരില്‍ പുതിയ ദേശീയ പൗര കൂട്ടായ്മയുണ്ടാക്കാന്‍ രാജ്യസഭാ എം.പി. കപില്‍ സിബല്‍. ഇന്ത്യയെ സംബന്ധിച്ച്‌ ബദല്‍ കാഴ്ചപ്പാട് നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഇന്‍സാഫ് പ്രവര്‍ത്തിക്കുക. അതേസമയം ഇതൊരു രാഷ്ട്രീയപ്പാര്‍ട്ടിയല്ലെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. പൗരന്മാര്‍, ബി.ജെ.പി.യിതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മറ്റു രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവരോടെല്ലാം ഇന്‍സാഫിനെ പിന്തുണക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു.


കൂട്ടായ്മയുടെ ലക്ഷ്യവും കാഴ്ചപ്പാടും വ്യക്തമാക്കുന്നതിനായി ജന്ദര്‍ മന്ദറില്‍ മാര്‍ച്ച്‌ 11-ന് പൊതുയോഗം സംഘടിപ്പിക്കുമെന്നും കപില്‍ സിബല്‍ വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തുടനീളം അരങ്ങേറുന്ന അനീതികള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ അഭിഭാഷകരായ ആളുകള്‍ കൂട്ടായ്മയുടെ മുന്നില്‍ത്തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ആലോചിക്കുകയായിരുന്നു. ചരിത്രത്തിലേക്ക് നോക്കിയാല്‍ എല്ലായ്‌പോഴും സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയുടെയെല്ലാം മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചത് അഭിഭാഷകരാണ്. ഇന്ന് അഭിഭാഷകരെല്ലാം നിശ്ശബ്ദരായിരിക്കുന്നത് കാണുമ്ബോള്‍ നിരാശയുണ്ടെന്നും കപില്‍ സിബല്‍.

Related News