പൊതു വിഷയത്തില്‍ കോണ്‍ഗ്രസില്ലാതെ ഒന്നിച്ച്‌ രാജ്യത്തെ എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍; പ്രധാനമന്ത്രിക്ക് കത്തയച്ചു

  • 05/03/2023

ഡല്‍ഹി: പൊതു വിഷയത്തില്‍ കോണ്‍ഗ്രസില്ലാതെ ഒന്നിച്ച്‌ രാജ്യത്തെ എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍. ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന എ.എ.പി. നേതാവ് മനീഷ് സിസോദിയയെ സി.ബി.ഐ. അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ച്‌ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.


ബി.ആര്‍.എസ്., തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, ആര്‍.ജെ.ഡി., നാഷണല്‍ കോണ്‍ഫറന്‍സ്, എന്‍.സി.പി., ശിവസേന (ഉദ്ദവ്), സമാജ് വാദി പാര്‍ട്ടി നേതാക്കളാണ് സംയുക്തമായി കത്തെഴുതിയത്. സി.ബി.ഐയേയും ഇഡിയേയും കേന്ദ്രം പ്രതിപക്ഷ സര്‍ക്കാരുകള്‍ക്കെതിരായ ആയുധമായി ഉപയോഗിക്കുന്നു എന്ന് കത്തില്‍ നേതാക്കള്‍ ആരോപിച്ചു.

ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റ് തെളിവുകളുടെ യാതൊരു അടിസ്ഥാനവുമില്ലാതെയാണ്. 2014ന് ശേഷം അറസ്റ്റ് ചെയ്യപ്പെട്ടതും, റെയ്ഡ് ചെയ്യപ്പെട്ടതും, ചോദ്യം ചെയ്യപ്പെട്ടതും കൂടുതലും പ്രതിപക്ഷത്ത് നിന്നുള്ള നേതാക്കളാണ്.

ബി.ജെ.പി. ഭരണത്തില്‍ ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങള്‍ ഭീഷണിയിലാണ് എന്ന് ലോകം സംശയിക്കുന്നു. അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുന്നതോടെ അവര്‍ക്കെതിരായ നടപടികള്‍ ഇല്ലാതാകുന്നു എന്നും കത്തില്‍ ആരോപിക്കുന്നു. അതിന് ഉദാഹരണമായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയെ ചൂണ്ടിക്കാട്ടി. ശാരദ ചിട്ടി ഫണ്ട് തട്ടിപ്പില്‍ അന്വേഷണം നേരിട്ട കാലത്താണ് ഹിമന്ദ ബി.ജെ.പിയില്‍ ചേര്‍ന്നത്, അതിന് ശേഷം കേസില്‍ ഹിമന്ദയ്‌ക്കെതിരായ അന്വേഷണം മുന്നോട്ട് നീങ്ങിയില്ല.

Related News