മിശ്രവിവാഹം കഴിച്ചു; ദമ്ബതികള്‍ക്ക് ഗ്രാമീണരുടെ പിഴയും ബഹിഷ്‌കരണവും

  • 05/03/2023

ബംഗളൂരു: മിശ്രവിവാഹം കഴിച്ചതിന്റെ പേരില്‍ ദമ്ബതികള്‍ക്ക് ഗ്രാമീണരുടെ പിഴയും ബഹിഷ്‌കരണവും. കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലാണ് സംഭവം. അഞ്ച് വര്‍ഷം മുന്‍പ് വിവാഹം ചെയ്ത ദമ്ബതികള്‍ക്കാണ് നാട്ടുകൂട്ടത്തിന്റെ ശിക്ഷ. ആറ് ലക്ഷം രൂപ പിഴയടക്കാനും ഈ കുടുംബത്തെ ബഹിഷ്‌കരിക്കാനുമാണ് ആഹ്വാനം. അപമാനം സഹിക്കാനാവാത്തതിനെ തുടര്‍ന്ന് ദമ്ബതികള്‍ കൊല്ലേഗല്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി.


ഇരുവരും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണ് ഗ്രാമവാസികള്‍ അടുത്തിടെയാണ് അറിഞ്ഞതെന്ന് പൊലീസ് പറയുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി ശ്വേതയുമായി ഉപ്പാറെ സെട്ടി സമുദായത്തില്‍പ്പെട്ട ഗോവിന്ദ രാജു പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇരുവീട്ടുകാരും സമ്മതം നല്‍കുകയും രജിസ്റ്റര്‍ ഓഫീസില്‍ വച്ച്‌ താലി ചാര്‍ത്തുകയും ചെയ്തു.

മലവള്ളിയില്‍ സ്ഥിരതാമസമാക്കിയ ഗോവിന്ദരാജുവും ശ്വേതയും കഴിഞ്ഞ മാസം നാട്ടിലുള്ള പിതാവിനെ കാണാന്‍ എത്തിയിരുന്നു. ഇതിനിടെ അയല്‍വാസികളുമായി സംസാരിക്കുന്നതിനിടെ ശ്വേത താന്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവളാണെന്ന് വെളിപ്പെടുത്തിയിരുന്നു. വിഷയം ഗ്രാമത്തിലെ മുതിര്‍ന്നവരില്‍ എത്തുകയും ഫെബ്രുവരി മൂന്നിന് ഇവര്‍ യോഗം ചേര്‍ന്ന് ദമ്ബതികളെ മാതാപിതാക്കളെ വിളിച്ച്‌ പിഴ ചുമത്തുകയും മാര്‍ച്ച്‌ ഒന്നിന് പണം അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന് ദമ്ബതികള്‍ 12 പേര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഗ്രാമവാസികള്‍ പിഴ ആറ് ലക്ഷമായി ഉയര്‍ത്തുകയും കുടുംബത്തെ ഗ്രാമത്തില്‍ നിന്ന്് ബഹിഷ്‌കരിക്കുകയും ചെയ്തു. ഗ്രാമത്തില്‍ നിന്ന് റേഷന്‍, പച്ചക്കറി, പാല്‍ തുടങ്ങിയ സാധനങ്ങള്‍ വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related News