മക്കൾ പരിചരിക്കുന്നില്ല; ഒന്നരക്കോടി രൂപയുടെ സ്വത്തുക്കള്‍ യു.പി ഗവര്‍ണര്‍ക്ക് എഴുതി നല്‍കി കര്‍ഷകന്‍

  • 06/03/2023

മുസഫര്‍ നഗര്‍ (ഉത്തര്‍പ്രദേശ്): തന്റെ പേരിലുള്ള ഒന്നരക്കോടി രൂപയുടെ സ്വത്തുക്കള്‍ യു.പി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് എഴുതി നല്‍കി കര്‍ഷകന്‍. മുസഫര്‍ നഗറിലെ നാഥു സിങ് (80) ആണ് സ്വന്തം സ്വത്തുക്കള്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്. മകനും മരുമകളും തന്നെ വേണ്ട വിധത്തില്‍ പരിചരിക്കുന്നില്ലെന്നും അതിനാല്‍ സ്വത്തുക്കള്‍ അവര്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നാഥു സിങ് വ്യക്തമാക്കി.


നിലവില്‍ വൃദ്ധസദനത്തിലാണ് നാഥു സിങ് കഴിയുന്നത്. മകനെക്കൂടാതെ മൂന്ന് പെണ്‍മക്കളും ഇദ്ദേഹത്തിനുണ്ട്. മക്കളില്‍ ആര്‍ക്കും സ്വത്തുക്കള്‍ കൈമാറാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതു വ്യക്തമാക്കിക്കൊണ്ടുള്ള ഒരു സത്യവാങ്മൂലം അദ്ദേഹം ഫയല്‍ ചെയ്തിട്ടുണ്ട്. തന്റെ മരണശേഷം സ്വത്തുക്കള്‍ യു.പി. ഗവര്‍ണര്‍ക്ക് കൈമാറാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ളതാണ് സത്യവാങ്മൂലം. ഈ ഭൂമിയില്‍ സ്‌കൂളോ ആശുപത്രിയോ സ്ഥാപിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഈ പ്രായത്തില്‍ ഞാനെന്റെ മകനും മരുമകളോടുമൊപ്പം ജീവിക്കേണ്ടതായിരുന്നു. പക്ഷേ, അവരെന്നെ മികച്ച രീതിയില്‍ പരിചരിച്ചില്ല. അതിനാല്‍ തന്റെ സ്വത്തുക്കള്‍ പ്രയോജനപ്രദമായി ഉപയോഗിക്കുന്നതിനായി ഗവര്‍ണര്‍ക്ക് കൈമാറാമെന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു- നാഥു സിങ് പറഞ്ഞു.

Related News