എറണാകുളം കളക്ടർക്ക് സ്ഥലംമാറ്റം, സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ്

  • 08/03/2023

എറണാകുളം കളക്ടറായിരുന്ന രേണു രാജിനെ മാറ്റിയ സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബ്രഹ്‌മപുരത്തിന്റെ പശ്ചാത്തലത്തിൽ അല്ല സർക്കാർ തീരുമാനമെന്നാണ് മനസിലാക്കുന്നത്. കളക്ടർക്കെതിരെ പല വിധ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് യു ഡി എഫ് എം.എൽ.എമാരും പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ തീരുമാനത്തോട് യോജിക്കുകയാണെന്ന് സതീശൻ വ്യക്തമാക്കി. 

ബ്രഹ്‌മപുരം ഉപകരാർ കെപിസിസി ഭാരവാഹിയുടെ മകനാണ് ലഭിച്ചതെന്ന ബിജെപി ആരോപണത്തിലും അന്വേഷണം നടക്കട്ടെ. എല്ലാ വിഷയവും അന്വേഷണത്തിന്റെ പരിധിയിൽ വരണമെന്നതാണ് യുഡിഎഫ് നിലപാട്. കോൺ?ഗ്രസ് അന്വേഷണങ്ങൾക്ക് എതിരല്ല. കരാറും ഉപകരാറും നൽകുന്നത് കോൺഗ്രസുമായി ആലോചിച്ച ശേഷമല്ല. ആര് അഴിമതി നടത്തിയിട്ടുണ്ടെങ്കിലും അന്വേഷണം നടക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

ഐ.എ.എസ് തലത്തിൽ വൻ അഴിച്ചുപണിയാണ് സർക്കാർ നടത്തിയത്. 4 ജില്ലാ കളക്ടർമാരെയാണ് സ്ഥലംമാറ്റിയത്. എറണാകുളം കളക്ടർ ഡോ. രേണുരാജിനെ വയനാട്ടിലേക്കാണ് സ്ഥലം മാറ്റിയത്. പകരം ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എൻ.എസ്.കെ ഉമേഷ് എറണാകുളം കളക്ടറാകും. വയനാട് കളക്ടർ എ ഗീതയെ കോഴിക്കോട്ടേക്കും സ്ഥലം മാറ്റി. തൃശ്ശൂർ കളക്ടർ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്ക് മാറ്റി. വി.ആർ കൃഷ്ണതേജയാണ് പുതിയ തൃശ്ശൂർ കളക്ടർ. എറണാകുളത്തെ ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തം വിവാദമായ സാഹചര്യത്തിലാണ് രേണു രാജിന്റെ സ്ഥലംമാറ്റം.

Related News