നാഗാലാൻഡിൽ വീണ്ടും നാടകീയ നീക്കങ്ങൾ; ബിജെപി-എൻഡിപിപി സഖ്യത്തിന് പിന്തുണ നൽകാൻ ശരദ് പവാർ

  • 08/03/2023

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നാഗാലാൻഡിൽ വീണ്ടും നാടകീയ നീക്കങ്ങൾ. മറ്റ് പ്രതിപക്ഷ പാർട്ടികൾക്കൊപ്പം നിൽക്കാതെ ബിജെപി-എൻഡിപിപി സഖ്യത്തിന് പിന്തുണ നൽകുകയാണെന്ന് ശരദ് പവാറിന്റെ എൻസിപി ഔദ്യോഗികമായി അറിയിച്ചു. നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫു റിയോയെ പിന്തുണയ്ക്കുന്നുവെന്നും അതാണ് സംസ്ഥാനത്തിന്റെ താത്പര്യമെന്നും എൻസിപി വിശദീകരിച്ചു. ഇതോടെ നാഗാലാൻഡിൽ ബിജെപി ഇതര പാർട്ടികൾ പദ്ധതിയിട്ടിരുന്ന പ്രതിപക്ഷ ഐക്യ നീക്കത്തിൽ കൂടിയാണ് വിള്ളൽ വീഴുന്നത്. 

നാഗാലാൻഡിൽ 12 സീറ്റുകളിലാണ് എൻസിപി മത്സരിച്ചിരുന്നത്. ഇതിൽ ഏഴ് സീറ്റുകൽ പാർട്ടിക്ക് വിജയിക്കാനായി. ഇതിനാൽ എൻസിപി പ്രധാന പ്രതിപക്ഷമാകുമെന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നു. മാർച്ച് നാലിന് കൊഹിമയിൽ ചേർന്ന എൻസിപിയുടെ നാഗാലാൻഡ് നിയമസഭാ കക്ഷിയുടെ ആദ്യ യോഗത്തിൽ പാർട്ടി സർക്കാരിന്റെ ഭാഗമാകണമോ അതോ പ്രധാന പ്രതിപക്ഷത്തിന്റെ റോൾ വഹിക്കുമോ എന്നതിനെക്കുറിച്ചാണ് പ്രധാനമായും ആലോചിച്ചിരുന്നത്. പിന്നീട് സർക്കാരിനൊപ്പം നിൽക്കാൻ തന്നെയാണ് തങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്ന് എൻസിപി പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.

സംസ്ഥാനത്തിന്റെ പൊതുതാത്പര്യവും തങ്ങളുടെ എംഎൽഎമാർ റിയോയോട് പുലർത്തുന്ന ആത്മബന്ധവും കണക്കിലെടുത്താണ് പ്രതിപക്ഷത്ത് ഇരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് എൻസിപി പറഞ്ഞു. പല സംസ്ഥാനങ്ങളിലും എൻസിപി ബിജെപിയെ ശക്തമായി എതിർക്കുന്നതിനിടെയാണ് ഇങ്ങനെയൊരു നീക്കമെന്നതും ശ്രദ്ധേയമാണ്. ബിജെപി വിഷയത്തിൽ ഔദ്യോഗിമായി പ്രതികരിച്ചിട്ടില്ല.

Related News