ജന്ദർ മന്തറിൽ നിരാഹാര സമരവുമായി കവിത; സംവരണ ബിൽ നടപ്പിലാക്കണമെന്നാവശ്യം

  • 10/03/2023

ദില്ലി: നാളെ ഇഡിക്കു മുന്നിൽ വീണ്ടും ഹാജരാവാനിരിക്കെ ജന്ദർമന്തറിൽ നിരാഹാര സമരവുമായി തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കെ കവിത. പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് കവിത ഇന്ന് നിരാഹാര സമരം നടത്തുന്നത്. ഈ സമരത്തിലേക്ക് 18 രാഷ്ട്രീയ പാർട്ടികളെയാണ് ക്ഷണിച്ചിരിക്കുന്നത്. നിരഹാര സമരം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. വനിത സംവരണ ബിൽ നടപ്പാക്കണമെന്ന് തന്നെയാണ് സി പി എമ്മിന്റെയും നിലപാടെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. നിയമനിർമ്മാണ സഭകളിൽ മതിയായ വനിത പ്രാതിനിധ്യം ഉറപ്പാക്കാൻ സർക്കാർ മടിക്കുന്നു. സംവരണ ബിൽ നടപ്പാക്കും വരെ പോരാട്ടം തുടരുമെന്നും കെ. കവിത പറഞ്ഞു. 

ദില്ലി മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ മാർച്ച് രണ്ടിനാണ് ഇഡി അറിയിക്കുന്നത്. എന്നാൽ മാർച്ച് 16 ലേക്ക് തിയ്യതി മാറ്റി നൽകാൻ താൻ ആവശ്യപ്പെട്ടുവെങ്കിലും ഇഡി സമ്മതിച്ചില്ലെന്നും കവിത പറയുന്നു. നാളെ ഇഡിക്കു മുന്നിൽ വീണ്ടും ഹാജരാവാനിരിക്കെയാണ് ഇന്ന് നിരാഹാരവുമായി കവിത രംഗത്തെത്തുന്നത്. ആംആദ്മി പാർട്ടി, ശിവസേന, അകാലിദൾ, പിഡിപി, നാഷ്ണൽ കോൺഫറൻസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങി 18 ഓളം പാർട്ടികൾ കവിതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിൽ അണിചേരും. 

പാർട്ടി അണികളായ 600ഓളം പേർ കവിതയുടെ നിരാഹാരത്തിനൊപ്പം പങ്കെടുക്കും. ലോകസഭയിലും നിയമസഭയിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകണമെന്നാവശ്യപ്പെട്ട് 2008ലാണ് രാജ്യസഭയിൽ ബിൽ അവതരിപ്പിക്കുന്നത്. 2010ൽ രാജ്യസഭയിൽ ബിൽ പാസായെങ്കിലും ലോക്‌സഭയുടെ പരിഗണനയിലേക്കെത്തിയ ബില്ലിൽ ഇതുവരേയും തീരുമാനമായില്ല.

Related News