ട്രാൻസ്‌ജെൻഡർ രക്‌തദാന വിലക്ക്; മാർഗ്ഗരേഖയിൽ മാറ്റം വരുത്തില്ലെന്ന് കേന്ദ്രം

  • 11/03/2023

ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗികള്‍, ട്രാന്‍സ്ജെന്‍ഡര്‍മാര്‍, ലൈംഗികത്തൊഴിലാളികള്‍ എന്നിവര്‍ രക്തദാനം നടത്തുന്നത് വിലക്കുന്ന മാര്‍ഗരേഖയില്‍ മാറ്റം കൊണ്ടുവരണമെന്ന ആവശ്യം തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതില്‍ രക്തം നല്‍കുന്നവരുടെ പോലെ തന്നെ സ്വീകര്‍ത്താവിന്റെയും പൂര്‍ണ ബോധ്യം ആവശ്യമുണ്ടെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.


രക്തബാങ്കില്‍ നിന്നും ലഭിക്കുന്ന രക്തത്തിന്റെ സുരക്ഷയും ഫലപ്രാപ്‌തിയും സ്വീകര്‍ത്താവിന് ബോധ്യപ്പെടേണ്ടതുണ്ടെന്നും മന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു. നാഷനല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍, നാഷനല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ എന്നിവ തയാറാക്കിയ മാര്‍ഗരേഖയിലാണ് ട്രാന്‍സ്ജെന്‍ഡര്‍മാര്‍, ലൈംഗികത്തൊഴിലാളികള്‍, സ്വവര്‍ഗാനുരാഗികള്‍ എന്നിവരെ രക്തദാനത്തില്‍ നിന്ന് ഒഴിവാക്കിയത്.

എയ്ഡ്സിന് സാധ്യതയുള്ള വിഭാഗം എന്ന ഗണത്തില്‍പെടുത്തിയായിരുന്നു മാറ്റിനിര്‍ത്തല്‍. എന്നാല്‍ നടപടി ശാസ്ത്രീയ പഠനങ്ങളുടെയും വിദഗ്ധാഭിപ്രായത്തിന്റെയും അടിസ്ഥാനത്തിലാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനുവേണ്ടി ടി എസ്‌ സിങ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട് തേടിയത്.

Related News